വിട്ടുകളയരുതെന്ന് എല്ലാവരും പറഞ്ഞിട്ടും ആ തമിഴ് ചിത്രം ഞാൻ ഉപേക്ഷിച്ചു, അതും വില്ലൻ വേഷം: സലിം കുമാർ
Entertainment
വിട്ടുകളയരുതെന്ന് എല്ലാവരും പറഞ്ഞിട്ടും ആ തമിഴ് ചിത്രം ഞാൻ ഉപേക്ഷിച്ചു, അതും വില്ലൻ വേഷം: സലിം കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 4:38 pm

കോമഡി വേഷങ്ങളിലൂടെ സിനിമ ജീവിതം ആരംഭിച്ച് പിന്നീട് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറിയ വ്യക്തിയാണ് സലിംകുമാർ.

പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം തന്റെ കരിയറിൽ വേണ്ടെന്ന് വെച്ച വേഷങ്ങളെ കുറിച്ച് പറയുകയാണ്. ആര്യ നായകനായി തമിഴിൽ വലിയ ശ്രദ്ധ നേടിയ നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് വില്ലൻ കഥാപാത്രമാവാൻ തന്നെ വിളിച്ചിരുന്നുവെന്ന് പറയുകയാണ് താരം.

എന്നാൽ ചിത്രത്തിൽ അഭിനയിച്ചാൽ മലയാളത്തിൽ തന്റെ അവസരങ്ങൾ കുറയുമെന്ന് തോന്നിയെന്നും അങ്ങനെ ആ കഥാപാത്രം വേണ്ടെന്ന് വെച്ചെന്നും സലിം കുമാർ പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ട്. അതൊക്കെ തമിഴിലാണ്. തമിഴിൽ ബാല സംവിധാനം ചെയ്ത നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് വില്ലനായിട്ട് എന്നെ വിളിച്ചിരുന്നു. എനിക്ക് കോൾ വരുമ്പോൾ തന്നെ പറഞ്ഞത്, സാർ ഇത് ലാൻഡ് ചെയ്യാൻ പറ്റിയ പടമാണ്, ഭാവനയാണ് ഇതിലെ നായിക എന്നാണ്. ഞാൻ ആദ്യം തന്നെ പറഞ്ഞു, എനിക്ക് തമിഴ് അറിയില്ലെന്ന്. എന്നാൽ ആ ചിത്രത്തിൽ എല്ലാം മലയാളികൾ ആയിരുന്നു.

സ്ക്രിപ്റ്റ് എഴുതുന്നത് ജോഷി സാറിന്റെയൊക്കെ സിനിമയിൽ എഴുതിയിട്ടുള്ള ആളാണ്. ചിത്രത്തിൽ കൊളപുള്ളി ലീലയുണ്ട്, ഭാവനയുണ്ട്, പിന്നെ നടൻ ആര്യ പാതി മലയാളിയാണ്. അങ്ങനെ ഞാൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു. ഒരുപാട് പേരോട് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു, അത് വിട്ട് കളയരുതെന്ന്. അങ്ങനെ ഓക്കെ പറഞ്ഞപ്പോൾ ഡേറ്റൊക്കെ എനിക്ക് അയച്ചു തന്നു.

പിന്നീട് സെറ്റിന്റെ പണിയൊക്കെ ഉള്ളത് കൊണ്ട് ഒരു മാസം കൂടി അതിന്റെ ഷൂട്ട്‌ തുടങ്ങുന്നത് നീണ്ടു. ആ സമയത്ത് എനിക്ക് തോന്നി, ഈ പടം ചെയ്‌താൽ എനിക്ക് മലയാളത്തിൽ സിനിമയുണ്ടാവില്ലെന്ന്. അതിന് വേണ്ടി താടി വളർത്തുന്നുണ്ടായിരുന്നു ഞാൻ. ആ താടിയുമായി ചിലപ്പോൾ ഹിമാലയത്തിലേക്ക് പോവേണ്ടി വരും ഞാൻ( ചിരിക്കുന്നു). പിന്നെ ഞാൻ വിളിച്ചിട്ട് ആ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞു,’സലിം കുമാർ പറയുന്നു.

Content Highlight: Salim Kumar About Offers From Thamiz Film