അന്ന് അവര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് രേഖാചിത്രത്തെ കുറിച്ച്; വണ്ടര്‍ഫുള്‍ എന്നേ പറയാനാവൂ: സലീമ
Entertainment
അന്ന് അവര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് രേഖാചിത്രത്തെ കുറിച്ച്; വണ്ടര്‍ഫുള്‍ എന്നേ പറയാനാവൂ: സലീമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 11:22 am

ആരണ്യകത്തിലെ അമ്മിണിയായും നഖക്ഷതങ്ങളിലെ ലക്ഷ്മിയായും മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സലീമ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത നടി ഈ വര്‍ഷമാദ്യം ഇറങ്ങിയ രേഖാചിത്രം എന്ന പടത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആസിഫ് അലി ആയിരുന്നു ആ സിനിമയില്‍ നായകന്‍. ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ രേഖാചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നടത്തിയ രണ്ടാംവരവിനെ കുറിച്ച് പറയുകയാണ് നടി.

അതൊരു മഹാഭാഗ്യമായിട്ടാണ് താന്‍ കരുതുന്നതെന്നും ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നെ വിളിച്ചതെന്നും സലീമ പറയുന്നു. സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നിരവധിയാളുകള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

രേഖാചിത്രം എന്ന പടത്തിലൂടെ സിനിമയിലേക്ക് നടത്തിയ രണ്ടാം വരവിനെ കുറിച്ച് ചോദിച്ചാല്‍, അതൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് രേഖാചിത്രത്തിലേക്ക് എന്നെ വിളിച്ചത്.

മലയാളത്തിന് പുറമെ രേഖാചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നിരവധി പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. തുടക്കത്തില്‍ ആലീസായും പിന്നീട് പുഷ്പയായും അറിയപ്പെടുന്ന കഥാപാത്രം എന്റെ അഭിനയജീവിതത്തില്‍ മറക്കാനാവാത്തതാണ്.

അടുത്തകാലത്ത് ഹൈദരാബാദില്‍ പോയപ്പോള്‍ ധാരാളം മലയാളികള്‍ എന്റെയടുത്ത് വന്ന് രേഖാചിത്രത്തിലെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതാവട്ടെ കൂടുതല്‍ മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള പ്രചോദനമാണ് എന്നിലുണ്ടാക്കിയത്.

ശരിക്കും പറഞ്ഞാല്‍ രേഖാചിത്രം എന്റെ അഭിനയജീവിതത്തില്‍ ഒരു റീബെര്‍ത്താണ്. സാധാരണഗതിയില്‍ ഒരു പ്രായമാവുമ്പോള്‍ കരഞ്ഞും സങ്കടപ്പെട്ടും നില്‍ക്കുന്ന അമ്മവേഷങ്ങളാണ് ലഭിക്കാറുള്ളത്. എന്നാല്‍ രേഖാചിത്രത്തിലെ വളരെ സ്‌ട്രോങ്ങായ കഥാപാത്രത്തെ വണ്ടര്‍ഫുള്‍ എന്നേ വിശേഷിപ്പിക്കാനാവൂ,’ സലീമ പറയുന്നു.

Content Highlight: Saleema Talks About Rekhachithram Movie