സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങി സകരിയ
Malayalam Cinema
സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങി സകരിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2019, 8:03 pm

‘സുഡാനി ഫ്രം നൈജീരിയ’ എന്ന തന്റെ ആദ്യ സിനിമയോടുകൂടി മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറിയ സകരിയ മുഹമ്മദ് അഭിനേതാവ് എന്ന നിലയിലും തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരുടെ തിരക്കഥയില്‍ ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലാണ് മുഖ്യ കഥാപാത്രങ്ങളിലൊരാളായി സകരിയ വേഷമിട്ടിരിക്കുന്നത്.

2018 മെയ് -ജൂണ്‍ മാസങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ സംഭവിച്ച നിപ ബാധയെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെയും അടിസ്ഥാനമാക്കി ഒരു ഡോക്യു – ഫിക്ഷന്‍ സ്വഭാവത്തില്‍, മികച്ച ഒരു ത്രില്ലര്‍ ആയാണ് വൈറസ് സിനിമ തയ്യാറാക്കപ്പെട്ടത്. പേരാമ്പ്രയിലെ സൂപ്പിക്കടയില്‍ ആദ്യമായി നിപ വൈറസ് ബാധിച്ച സാബിത്തിനെയാണ് സകരിയ എന്ന പേരില്‍ തന്നെ ചിത്രത്തില്‍ സകരിയ മുഹമ്മദ് അവതരിപ്പിച്ചിരിക്കുന്നത്. നിപ വൈറസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മരണപ്പെടുന്നതും കാമുകിയോടൊപ്പമുള്ള പ്രണയരംഗങ്ങളും വളര്‍ത്തുമൃഗങ്ങളോടൊപ്പമുള്ള സഹവാസവുമെല്ലാമടക്കം വിവിധ സന്ദര്‍ഭങ്ങളെ മികച്ച രീതിയില്‍ തന്നെ സകരിയ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

മലപ്പുറം സ്വദേശിയായ സക്കരിയ കോഴിക്കോട് സാഫി കോളേജ് ഓഫ് അഡ്വാന്‍സഡ് സ്റ്റഡീസില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ പിജി പൂര്‍ത്തിയാക്കിയ ശേഷം മീഡിയ വണ്‍ അക്കാദമിയില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത ‘ദ നേറ്റീവ് ബാപ്പ’ എന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച സകരിയ സുഡാനി ഫ്രം നൈജീരിയയിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. തന്റെ ആദ്യ ചിത്രം തിയ്യേറ്ററുകളില്‍ വന്‍ ഹിറ്റായി മാറി എന്ന്് മാത്രമല്ല, നിരവധി പുരസ്‌കാരങ്ങളും സകരിയയെ തേടിയെത്തി.

അനേകം അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയും ഒട്ടേറെ പാരാമര്‍ശങ്ങളും പുരസ്‌കാരങ്ങളും നേടുകയുമുണ്ടായി. 2018 ലെ കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയായി തിരഞ്ഞെടുത്തത് സുഡാനി ഫ്രം നൈജീരിയ ആയിരുന്നു. മികച്ച തിരക്കഥാകൃത്തിനും നവാഗത സംവിധായകനുമുള്ള അംഗീകാരവും സകരിയ നേടി.

വൈറസ് സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ ലേബലുകള്‍ക്ക് പുറമെ അഭിനേതാവ് എന്ന പേരും കൂടി കരസ്ഥമാക്കിയിരിക്കുകയാണ് സകരിയ. സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ പലരും മികച്ച വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലത്ത് സകരിയയില്‍ നിന്നും അനേകം കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് പ്രതീക്ഷിക്കാം.