സജിതയെ മതം മാറ്റിയിട്ടില്ല, മതം നോക്കിയിട്ടല്ല ഞങ്ങള്‍ സ്നേഹിച്ചത്: റഹ്മാന്‍
Kerala News
സജിതയെ മതം മാറ്റിയിട്ടില്ല, മതം നോക്കിയിട്ടല്ല ഞങ്ങള്‍ സ്നേഹിച്ചത്: റഹ്മാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th June 2021, 1:04 pm

പാലക്കാട്: സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്ന് ഭര്‍ത്താവ് റഹ്മാന്‍. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

സജിതയ്ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും തനിക്ക് മതം മാറ്റാന്‍ താത്പര്യമില്ലെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

‘അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല ഞങ്ങള്‍ സ്നേഹിച്ചത്,’ റഹ്മാന്‍ പറഞ്ഞു.

നേരത്തെ സജിതയെ റഹ്മാന്‍ മതം മാറ്റിയെന്ന തരത്തില്‍ ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്ത് വര്‍ഷമായി ഹിന്ദു പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് ലൈംഗിക അടിമയാക്കി എന്ന തരത്തിലായിരുന്നു വാര്‍ത്ത.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. കൂട്ടുകാരിയെ കാണാനും സംസാരിക്കാനുമായി സജിത റഹ്മാന്റെ വീട്ടിലെത്തുന്നത് പതിവായിരുന്നു.

ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sajitha has not changed her religion and we did not love her because of her religion: Rahman