വ്യസനസമേതത്തിലെ പ്രസന്നന്‍ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല: സജി സബാന
Entertainment
വ്യസനസമേതത്തിലെ പ്രസന്നന്‍ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല: സജി സബാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 3:35 pm

വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിലെ പ്രസന്നന്‍ എന്ന കഥാപാത്രത്തെ അതി ഗംഭീരമായി സ്‌ക്രീനില്‍ എത്തിച്ച നടനാണ് സജി സബാന.

ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരുടെ മനസിലും പ്രസന്നന്റെ കഥാപാത്രം ഇടംനേടുമെന്നതില്‍ സംശമില്ല. അത്രയേറെ റിയലസ്റ്റിക്കായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സജിക്ക് സാധിച്ചിട്ടുണ്ട്.

യക്ഷിയും ഞാനും, വെള്ളരിപ്പട്ടണം, ഒരു തെക്കന്‍ തല്ലുകേസ് എന്നീ ചിത്രങ്ങളിലൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും പ്രസന്നന്‍ എന്ന കഥാപാത്രം സജിയുടെ കരിയറില്‍ ഒരു ബ്രേക്കാകുമെന്ന് ഉറപ്പാണ്.

പ്രസന്നന്‍ എന്ന കഥാപാത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സജി സബാന. വ്യസന സമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയാണ് സജി.

‘ ഈ കഥാപാത്രം എനിക്ക് വേണ്ടി ഉണ്ടായ ക്യാരക്ടര്‍ അല്ല. മറ്റു പല കഥാപാത്രങ്ങളും നമ്മള്‍ എഴുതുന്ന സമയത്ത് ഇത് സജിക്ക് ചെയ്യാമെന്നൊക്കെ പ്ലാന്‍ ചെയ്തിരുന്നു.

പിന്നീട് അതിന്റെ ഓരോ ഘട്ടങ്ങളിലും താരങ്ങള്‍ വന്ന് വന്ന് അവസാനം ഒരു ഘട്ടത്തില്‍ എനിക്ക് ഇതിനകത്ത് ചെയ്യാന്‍ ക്യാരക്ടര്‍ ഇല്ലാത്ത സാഹചര്യം വന്നു.

ഇതില്‍ കിട്ടാത്ത ഒരു ക്യാരക്ടറായിരുന്നു പ്രസന്നന്റേത്. കുറേപ്പേരുടെ ലിസ്റ്റ് ഇട്ടിരുന്നു. ആളുടെ രൂപമൊക്കെ നേരത്തെ ഉണ്ടായിരുന്നു. അതൊരിക്കലും എന്റെ രൂപമായിരുന്നില്ല.

പക്ഷേ മെലിഞ്ഞ, ചെറിയ കൂനൊക്കെയുള്ള ആള്‍ എന്നതായിരുന്നു. അത് കഴിഞ്ഞപ്പോള്‍ വിപിന്‍ദാസ് ബ്രോയാണ് സജി തന്നെ ചെയ്‌തോ എന്ന് പറയുന്നത്. ഇത് കേട്ടതും വിപിന്‍ എന്നെ നോക്കി. ഞാന്‍ അവനേയും. വിപിന്‍ ഓക്കെയാണോ എന്ന് ചോദിച്ചു. നീ ഓക്കെയാണോ എന്ന് ഞാന്‍ ചോദിച്ചു.

വിപിന്‍ദാസ് ബ്രോയാണ് നിങ്ങള്‍ തന്നെ ചെയ്യൂ എന്ന് പറയുന്നത്. അഞ്ചിന്നന്ന് സജയനം കണ്ടിരുന്നെന്നും അതില്‍ നിങ്ങള്‍ ഭയങ്കരമായിട്ട് ഒരു സാധനം ചെയ്യുന്നുണ്ടെന്നും അത് വര്‍ക്കാണെന്നും വിപിന്‍ദാസ് പറഞ്ഞു. പുള്ളിയാണ് ആ കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏല്‍പ്പിക്കുന്നത്.

സിനിമ കണ്ട ശേഷം ഒരുപാട് പേര് വിളിച്ചിരുന്നു. ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന് ഞാന്‍ ചിലരോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ സിനിമയുടെ പിന്നണിയിലായിരിക്കുമെന്നാണ് പലരും വിചാരിച്ചത്.

ഒരു ക്യാരക്ടര്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോഴും അത് കോമഡി കഥാപാത്രമായിരിക്കുമെന്നും അല്ലെങ്കില്‍ ചെറിയ എന്തെങ്കിലും സംഭവമായിരിക്കുമെന്നാണ് അവരൊക്കെ കരുതിയത്,’ സജി സബാന പറയുന്നു.

Content Highlight: Saji Sabana about Vysanasamedham Bhandhumithradikal Character