വീണ്ടും മന്ത്രിയായി സജി ചെറിയാന്‍; എല്‍.ഡി.എഫ് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് 182 ദിവസത്തിന് ശേഷം
Kerala News
വീണ്ടും മന്ത്രിയായി സജി ചെറിയാന്‍; എല്‍.ഡി.എഫ് മന്ത്രിസഭയില്‍ തിരിച്ചെത്തുന്നത് 182 ദിവസത്തിന് ശേഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th January 2023, 4:35 pm

തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ വിരുദ്ധ പ്രസംഗമെന്ന ആരോപണത്തെ തുടര്‍ന്ന് 182 ദിവസം മുമ്പ് അദ്ദേഹം രാജിവെച്ചിരുന്നു. കേസില്‍ ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് അദ്ദേഹം വീണ്ടും എല്‍.ഡി.എഫ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്.

രാജ്ഭവനില്‍വെച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, സ്പീക്കര്‍, എല്‍.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിച്ചു. വീണ്ടും സജി ചെറിയാനെ തിരിച്ചെടുത്തതിനെതിരെ തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

‘ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. അതേ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. ഒരു കോടതിയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല.

മജിസ്ട്രേറ്റ് കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനിയിലിരിക്കുന്ന കേസില്‍ അന്തിമ വിധിക്ക് കാത്തിരിക്കാതെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണ്. ഇത് യു.ഡി.എഫ് അംഗീകരിക്കില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.

 

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് പകരക്കാരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ കോടതി തീരുമാനത്തിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാമെന്നായിരുന്നു പാര്‍ട്ടി തീരുമാനം.

ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹരജി ഹൈക്കോടതി ഈ മാസമാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതോടെയാണ് സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിന് കളമൊരുങ്ങിയത്.