ജൂനിയർ എൻ.ടി.ആർ ചിത്രത്തിലെ വില്ലൻ വേഷം അങ്ങനെ എനിക്ക് നഷ്ടമായി: സൈജു കുറുപ്പ്
Entertainment
ജൂനിയർ എൻ.ടി.ആർ ചിത്രത്തിലെ വില്ലൻ വേഷം അങ്ങനെ എനിക്ക് നഷ്ടമായി: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th December 2023, 9:07 am

ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് സൈജു കുറുപ്പ്. വ്യത്യസ്ത വേഷങ്ങളിലൂടെ കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട് താരം.

നായകൻ, വില്ലൻ ഹാസ്യതാരം എന്നീ നിലയിൽ കഴിവ് തെളിയിച്ചിട്ടുള്ള സൈജുവിന്റെ അറക്കൽ അബു അടക്കമുള്ള കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യത പ്രേക്ഷകർക്കിടയിൽ കിട്ടിയിട്ടുണ്ട്.

അന്യഭാഷ ചിത്രങ്ങളിൽ ഇതുവരെ അഭിനയിക്കാത്ത താരം മുടങ്ങിപ്പോയ ഒരു തെലുങ്ക് സിനിമയെ കുറിച്ച് സംസാരിക്കുകയാണ്. ജൂനിയർ എൻ.ടി.ആർ നായകനാകുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിലേക്ക് വില്ലൻ കഥാപാത്രമായി തന്നെ വിളിച്ചിരുന്നെന്നും ആ ചിത്രത്തിനായി നിലവിൽ കമ്മിറ്റ് ചെയ്തിട്ടുള്ള ഒരുപാട് സിനിമകൾ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു എന്നും സൈജു പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘അന്യഭാഷകളിലേക്ക് യാത്ര ചെയ്യണമെന്നുണ്ട്. അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ നല്ല ആഗ്രഹമുണ്ട്. ഞാൻ അങ്ങനെ കഥകളൊന്നും കേട്ടു തുടങ്ങിയിട്ടില്ല. എന്നോടാരും കഥകൾ പറഞ്ഞിട്ടുമില്ല. എല്ലാവരും ആദ്യം ഡേറ്റ് ഉണ്ടോ എന്നാണ് നോക്കുന്നത്.

ഈയടുത്ത് വന്നൊരു പ്രശസ്തമായ അല്ലെങ്കിൽ എനിക്ക് പറയാൻ പറ്റിയ ഒരു പ്രോജക്ട് ഉണ്ടായിരുന്നു. അതൊരു ഭയങ്കര ഓഫർ ആയിരുന്നു. ജൂനിയർ എൻ.ടി.ആറിന്റെ സിനിമ ആയിരുന്നു അത്. ഒരു ബിഗ് ബഡ്ജറ്റ് പടം നടക്കുന്നുണ്ട് തെലുങ്കിൽ. ഒരു വില്ലൻ വേഷത്തിലേക്ക് ആണെന്ന് തോന്നുന്നു എന്നെ പരിഗണിച്ചത്.

പക്ഷേ ആ ചിത്രത്തിനായി ഒരുപാട് ഡേറ്റ് വേണമായിരുന്നു. മെയ് തൊട്ട് നവംബർ വരെ അവർക്ക് 15 ദിവസം 20 ദിവസം വീതം ഡേറ്റ് വേണം.

അതെടുക്കുകയാണെങ്കിൽ ഞാൻ കമ്മിറ്റ് ചെയ്ത സിനിമകളെയെല്ലാം അത് മോശമായി ബാധിക്കുമായിരുന്നു,’സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurupp Says That He Missed a Movie of junior NTR