മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ ടി. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ മയൂഖത്തിലുടെയാണ് അദ്ദേഹം സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രങ്ങളായും സൈജു 100ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. സിനിമ തനിക്ക് ഇപ്പോള്‍ പാഷനും അത് കഴിഞ്ഞാല്‍ ജീവനോപാധിയുമാണെന്ന് സൈജു കുറുപ്പ് പറയുന്നു. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് ഓഫീസില്‍ കുറച്ച് കുടവയറും തലയില്‍ കഷണ്ടിയൊക്കെയായി ഒരു ക്യാബിനില്‍ ഇരിക്കുന്ന പൊസിഷനുള്ള വ്യക്തിയായി മാറിയേനെയെന്നും സൈജു കുറുപ്പ് പറഞ്ഞു.
‘സിനിമ എന്നാല്‍ എനിക്കിപ്പോള്‍ പാഷനാണ്. അത് കഴിഞ്ഞാല്‍ എന്റെ ജീവനോപാധിയും. സിനിമ അല്ലാതെ വേറൊന്നും എനിക്ക് ഇപ്പോള്‍ ചെയ്യാനാകില്ല. ഇവിടെ പക്ഷേ, വിജയം എന്നത് ശാശ്വതമല്ല. ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത രണ്ട് ചിത്രങ്ങളോ കഥാപാത്രങ്ങളോ ചെയ്താല്‍ നമ്മളിവിടുന്ന് പോകും. അതുകൊണ്ട് എന്നുമുള്ള പ്രാര്‍ഥന നല്ല വേഷങ്ങള്‍ ലഭിക്കണേ എന്നതാണ്.
ചെയ്ത് പോയതില്‍ കുറ്റബോധം തോന്നിയ കഥാപാത്രങ്ങളും എന്റെ കരിയറിലുണ്ട്. യാതൊരു സിനിമാ പാരമ്പര്യമോ പശ്ചാത്തലമോ ഇല്ലാതെ വന്നയാളാണ് ഞാന്‍. സ്‌കൂളിലും കോളേജിലുമൊന്നും പഠിക്കുന്ന സമയത്ത് അങ്ങനെ സ്റ്റേജില്‍ കയറിയിട്ടുള്ള ആളുമല്ല. കുറേ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതെല്ലാം ഓരോ അനുഭവങ്ങളാണല്ലോ. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയാലാണ് നമുക്ക് പോളിഷ്ഡ് ആയി വരാന്‍ കഴിയുന്നത്. ഞാനിന്നും പോളിഷ്ഡായ നടനല്ല. എങ്കിലും കാലഘട്ടമാണ് അത്തരത്തില്‍ ആകാന്‍ സഹായിക്കുന്നത്.
സിനിമയിലേക്കെത്തിയിരുന്നില്ലെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് ഓഫീസില്‍ കുറച്ച് കുടവയറൊക്കെയായി, തലയില്‍ കഷണ്ടിയൊക്കെയായി ഒരു ക്യാബിനില്‍ ഇരിക്കുന്ന പൊസിഷനുള്ള വ്യക്തിയായി മാറിയേനെ. അത്രയ്ക്കും സമ്മര്‍ദമുള്ള ജോലിയായിരുന്നു കോര്‍പ്പറേറ്റ് മേഖലയില്‍. എന്റെ അമ്മയും ഭാര്യയും പറയുന്നത് നന്നായി ഞാന്‍ സിനിമയില്‍ വന്നത്, ഹരിഹരന്‍ സാറിനോട് അതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നാണ്,’ സൈജു കുറുപ്പ് പറയുന്നു.