ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടത്തില്‍ ലീഡ് റോളില്‍ അവസരം ലഭിച്ചു, ആ കാരണത്താല്‍ സിനിമ നടന്നില്ല: സൈജു കുറുപ്പ്
Entertainment
ലിജോ ജോസ് പെല്ലിശ്ശേരിയുടെ പടത്തില്‍ ലീഡ് റോളില്‍ അവസരം ലഭിച്ചു, ആ കാരണത്താല്‍ സിനിമ നടന്നില്ല: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 6:17 pm

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് സൈജു മലയാള സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രമായും ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധ നേടിയ വേഷമാണ്.

ഇപ്പോള്‍ വലിയ ഹിറ്റ് മേക്കേഴ്‌സിന്റെ പടത്തില്‍ തന്നെ അധികം വിളിച്ചിട്ടില്ലെന്ന് പറയുകയാണ് സൈജു കുറുപ്പ്.

ഒരുപാട് ഹിറ്റുകള്‍ നല്‍കിയ സൂപ്പര്‍ ഹിറ്റ് മേക്കേഴ്‌സായ സംവിധായകരൊന്നും അവരുടെ സിനിമയിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്നും എന്നാല്‍ നവാഗതരുടെ സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും സൈജു കുറുപ്പ് പറയുന്നു. മിഥുന്‍ മാനുവലിന്റെ ആദ്യ പടത്തിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിജോ ജോസ് പെല്ലിശ്ലേരി കൊവിഡിന് ശേഷം രണ്ട് സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നുവെന്നും ഒരു സിനിമയില്‍ തന്നെ ലീഡ് റോളില്‍ വെച്ച് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും സൈജു കുറുപ്പ് പറയുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി മാത്രമാണ് തന്നോട് ഇങ്ങോട്ട് വിളിച്ച് ഒരു സിനിമ നമ്മള്‍ക്ക് ചെയ്യാമെന്ന് പറഞ്ഞതെന്നും സൈജു കുറുപ്പ് പറയുന്നു. മലബാര്‍ ജേര്‍ണലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂപ്പര്‍ ഹിറ്റ് മേക്കേഴ്‌സിന്റെ പടങ്ങളില്‍ അങ്ങനെ ഒരുപാട് വിളികള്‍ ഒന്നും വന്നിട്ടില്ല. പക്ഷേ നവാഗതരുടെ പടങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നമ്മുടെ കോമണ്‍ സുഹൃത്തായ മിഥുന്‍ മാനുവല്‍ തോമസ് അദ്ദേഹത്തിന്റെ ഡെബ്യൂ പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ കാലങ്ങള്‍ കഴിഞ്ഞപ്പോഴെക്കും പുള്ളിയൊരു ബ്ലോക്ക് ബസ്റ്റര്‍ ഡയറക്ടറായി മാറി.

ലിജോ ജോസ് പെല്ലിശ്ലേരി രണ്ട് പടം കൊവിഡ് കഴിഞ്ഞ സമയം പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ ഒരോ കാരണങ്ങള്‍ കൊണ്ട് നടന്നില്ല. ഒരു ബുക്ക് ബേസ്ഡ് പടം പ്ലാന്‍ ചെയ്തിരുന്നു. അതില്‍ എന്നെ ലീഡ് റോളില്‍ ആക്കിയിട്ടൊരു പരിപാടിയായിരുന്നു. പക്ഷേ അതിന്റെ റൈറ്റ്‌സ് വേറെ പ്രൊഡക്ഷന്‍ ടീം വാങ്ങി വെച്ചു. അപ്പോള്‍ അതുകൊണ്ട് നമ്മള്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. പിന്നീട് അദ്ദേഹം വ്യത്യസ്തമായി മറ്റൊന്ന് പ്ലാന്‍ ചെയ്തു. പക്ഷേ ആ സമയത്ത് അത് വര്‍ക്ക് ഔട്ട് ആയില്ല. ബട്ട് അള്‍ട്ടിമേറ്റലി എല്‍.ജെ.പി മാത്രമാണ് എന്നെ അങ്ങനെ വിളിച്ചിട്ട് നമുക്ക് ഇങ്ങനെ ഒരു പടം ചെയ്യാമെന്ന് പറഞ്ഞത്,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurup says that he has not been called up much in the films of big hit makers.