2026 ടി-20 ലോകകപ്പില്‍ യു.എസ്.എയെ തകര്‍ത്ത് പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എസ്.എയ്ക്ക് 158 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തിലും മെന്‍ ഇന്‍ ഗ്രീന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

സാഹിബ്സാദ ഫര്‍ഹാന്റെ കരുത്തിലാണ് ടീമിന്റെ വിജയം. 41 പന്തില്‍ 73 റണ്‍സാണ് ഫര്‍ഹാന്‍ സ്വന്തമാക്കിയത്. അഞ്ച് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മാത്രമല്ല 178.04 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

സാഹിബ്സാദ ഫര്‍ഹാന്

ഇതോടെ ഒരു നേട്ടം സ്വന്തമാക്കാനും ഫര്‍ഹാന് സാധിച്ചിരുന്നു. ടി-20 ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന അഞ്ചാമത്തെ താരമാകാനാണ് ഫര്‍ഹാന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒരേയൊരു താരത്തിന് മാത്രമാണ് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടുള്ളൂ.

ടി-20 ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, റണ്‍സ്, എതിരാളി

അഹമദ് ഷഹസാദ് – 111* – ബംഗ്ലാദേശ്

ഉമര്‍ അക്മല്‍ – 94 – ഓസ്‌ട്രേലിയ

മുഹമ്മദ് റിസ്വാന്‍ – 79* – ഇന്ത്യ

മുഹമ്മദ് റിസ്വാന്‍ – 79* – നമീബിയ

സഹിബ്‌സാദ ഫര്‍ഹാന്‍ – 73 – യു.എസ്.എ

കമ്രാന്‍ അക്മല്‍ – 73 – ബംഗ്ലാദേശ്

സല്‍മാന്‍ ഭട്ട് – 73 – ബംഗ്ലാദേശ്

അതേസമയം മത്സരത്തില്‍ 32 പന്തില്‍ 46 റണ്‍സുമായി ബാബര്‍ രണ്ടാമത്തെ ടോപ് സ്‌കോററായി. യു.എസ്.എയ്ക്ക് വേണ്ടി 30 പന്തില്‍ 51 റണ്‍സ് നേടിയ ശുഭം രഞ്ജാനെ 34 പന്തില്‍ 49 റണ്‍സ് നേടിയ ഷയന്‍ ജഹാഗിര്‍ എന്നിവര്‍ തിളങ്ങി. 29 റണ്‍സ് നേടിയ മിലന്ത് കുമാര്‍ മികവ് പുലത്തി.

പാകിസ്ഥാനായി ഉസ്മാന്‍ താരിഖ് മൂന്ന് വിക്കറ്റുകളും ശദാബ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: Sahibzada Farhan In Great Record Achievement In T20 World Cup