രാഹുല്‍ ഭാവി ഇന്ത്യയുടെ സംരക്ഷകന്‍; ഇനി ആര് ഇന്ത്യയെ നയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭാരത് ജോഡോ: സാദിഖലി തങ്ങള്‍
Kerala News
രാഹുല്‍ ഭാവി ഇന്ത്യയുടെ സംരക്ഷകന്‍; ഇനി ആര് ഇന്ത്യയെ നയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഭാരത് ജോഡോ: സാദിഖലി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 10:09 pm

തൃശൂര്‍: ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കാനുള്ള യാത്രയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭാരത് ജോഡോ യാത്രയുടെ പതിനഞ്ചാം ദിവസമായ വ്യാഴാഴ്ച ചാലക്കുടിയില്‍ നടന്ന സമാപന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ഗംഭീര സ്വീകരണമാണ് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭാവി ഇന്ത്യയുടെ സംരക്ഷകനായി ഇന്ത്യന്‍ ജനത വിലയിരുത്തുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ജനം രാഹുല്‍ ഗാന്ധിയുടെ യാത്ര ഏറ്റെടുത്തു കഴിഞ്ഞു. ഇനി ആര് ഇന്ത്യയെ നയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ യാത്ര. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള യാത്രയാണിത്.

ഭിന്നിപ്പിന്റെ രാഷ്ട്രീയം ഇന്ത്യയുടെ പാരമ്പര്യമല്ലെന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള യാത്രയാണിതെന്നും തങ്ങള്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് നല്ലതാണെന്നും, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഇടതുമുന്നണി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകള്‍ നേര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ മുന്നോട്ടുവെക്കുന്ന കാര്യങ്ങളെ പരോക്ഷമായി ഇടതുപക്ഷവും പിന്തുണക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടത് സര്‍ക്കാരിനോട് പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ട്. എന്റെ യാത്രക്ക് വിശാലമായ കാഴ്ചപ്പാടുണ്ട്. കേരളത്തിലെ കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ പറയുന്നുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.ഐ.എ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തുന്ന റെയ്ഡിലും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എല്ലാത്തരം വര്‍ഗീയതയെയും നേരിടണമെന്നും, വര്‍ഗീയതയോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.