നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യും; ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍: ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് നിയന്ത്രണങ്ങള്‍
Kerala News
നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യും; ആവശ്യമെങ്കില്‍ കരുതല്‍ തടങ്കല്‍: ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് നിയന്ത്രണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 9:03 pm

കൊച്ചി: ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള എന്‍.ഐ.എ റെയ്ഡിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താല്‍ സംബന്ധിച്ച മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പുറത്തുവിട്ട് കേരള പൊലീസ്.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ക്കുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.


ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാന പാലനത്തിനായി നിയോഗിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നു.

”ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും.

ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ക്രമസമാധാന പാലനത്തിനായി നിയോഗിക്കും.

ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്,” എന്നാണ് അറിയിപ്പില്‍ പറയുന്നത്.

വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അവശ്യ സര്‍വീസുകളെ മാത്രമാണ് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരവും ഹര്‍ത്താല്‍ ദിവസമായ നാളെയും വ്യാപകമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍ നേരിടുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ടിനെ വേട്ടയാടുകയാണെന്നും അബ്ദുള്‍ സത്താര്‍ കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Content Highlight: Kerala police announcement regarding hartal conducted by Popular Front