മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വീര്യമുള്ള മദ്യമെന്നോ വീര്യം കുറഞ്ഞ മദ്യമെന്നോ ഉള്ള വ്യത്യാസമില്ലെന്നും രണ്ട് മദ്യവും വില്‍ക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടിയുടെ ശക്തമായ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന് അവരുടേതായ ചില നയങ്ങള്‍ ഉണ്ടാകാമെങ്കിലും, ലീഗ് തങ്ങളുടെ എതിര്‍പ്പും അഭിപ്രായവും കൃത്യമായി അറിയിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ മുസ്‌ലിം സംഘടനകളും ഈ വിഷയത്തില്‍ വലിയ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്.
മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതുപോലെ, മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ലീഗിന്റെ തീരുമാനം യു.ഡി.എഫിനെ അറിയിക്കുമെന്നും അതിനനുസരിച്ചുള്ള തീരുമാനമേ മുന്നോട്ട് ഉണ്ടാവുകയുള്ളൂ എന്നും തങ്ങള്‍ വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു മാസം തികയുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് തന്നെയാണ് ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വിലയിരുത്തി.
ജനങ്ങള്‍ പത്ത് വര്‍ഷമായി കാത്തിരുന്ന ഭരണമാണിത്. മന്ത്രിമാര്‍ പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ഒരു ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യവും നയവും അനുസരിച്ച് മാത്രമായിരിക്കും കുട്ടികളുടെ പഠനകാര്യങ്ങളില്‍ തീരുമാനമുണ്ടാവുകയെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ശേഷാദ്രിനാഥന്റെ നിയമനത്തില്‍, ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ അദ്ദേഹത്തെ നിയോഗിച്ചതെന്നും മുന്‍വിധിയോടെ കാണേണ്ടതില്ലെന്നും തങ്ങള്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാരിന് സാധിക്കുമെന്നുമായിരുന്നു മുസ്‌ലിം ലീഗ് അധ്യക്ഷന്റെ പ്രതികരണം.
Content Highlight: Sadiqali Thangal clarifies stance on the state government’s new liquor policy.