ന്യായീകരിക്കുന്നില്ല, അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്; മുസ്‌ലിം ലീഗ് റാലിയിലെ വ്യക്തി അധിക്ഷേപങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി തങ്ങള്‍
Kerala News
ന്യായീകരിക്കുന്നില്ല, അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്; മുസ്‌ലിം ലീഗ് റാലിയിലെ വ്യക്തി അധിക്ഷേപങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th December 2021, 8:34 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയിലെ വ്യക്തി അധിക്ഷേപങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് നേതാവ് സാദിഖ് അലി ശിഹാബ് തങ്ങള്‍.

ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ലെന്നും എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ലെന്നും അത്തരം പരാമര്‍ശങ്ങളില്‍ ഖേദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയ്‌ക്കെത്തിയവര്‍ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയും മറ്റ് ലീഗ് നേതാക്കളും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. ‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.

ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

ദേവസ്വം റിക്രൂട്ട്‌മെന്റ് പോലെ വഖഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭേദഗതി പരിഗണിച്ചില്ല. മുസ്‌ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും മന്ത്രി അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്ത് എത്തിയത്. മതസംഘടനകളുടെ യോഗത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് ലീഗ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാനും പകരം തെരുവില്‍ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനം എടുക്കുകയായിരുന്നു. എന്നാല്‍ റാലിയില്‍ നിന്ന് സമസ്ത വിട്ടുനിന്നു.

സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രസ്താവന പൂര്‍ണരൂപം,

ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല,

പക്ഷെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്. ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല.

അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നന്മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക !
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്
10:12:2021

Sadiq Ali Thangal expresses regret over personal abuse at a Muslim League rally