സസ്‌പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസെയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ എത്തിച്ചത് പരംബീര്‍ സിംഗ് എന്ന് റിപ്പോര്‍ട്ട്
national news
സസ്‌പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസെയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ എത്തിച്ചത് പരംബീര്‍ സിംഗ് എന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th April 2021, 10:32 pm

മുംബൈ: ബോംബ് സ്‌ഫോടനത്തിലെ പ്രതി കസ്റ്റഡിയില്‍വെച്ച് മരിച്ച കേസില്‍ 2003 മുതല്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ നിയമിച്ചത് മുന്‍ മുംബൈ പൊലീസ് തലവന്‍ പരംബീര്‍ സിംഗാണെന്ന് റിപ്പോര്‍ട്ട്. മുംബൈ പൊലീസ് മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലാണ് വാസെ.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പരംബീര്‍ സിംഗ് വാസെയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ നിയമിച്ചത്.

ജൂണ്‍ 8 ന്, അന്നത്തെ ജോയിന്റ് സി.പി (ക്രൈം) വാസയെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കാര്യം ഉണ്ടായില്ല. വാസെയെ ക്രൈം ബ്രാഞ്ചില്‍ നിയമിച്ചു. 24 മണിക്കൂറിനു ശേഷം അദ്ദേഹത്തെ സി.ഐ.യുവിലേക്ക് മാറ്റി.
പരംബീര്‍ സിംഗുമായി വളരെ അടുത്ത ബന്ധമാണ് സച്ചിന്‍ വാസയ്ക്ക് ഉണ്ടായിരുന്നത്.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ആഡംബര ബെന്‍സ് കാര്‍ എന്‍.ഐ.എ. പിടിച്ചെടുത്തിരുന്നു.

സച്ചിന്‍ വാസെ അറസ്റ്റിലായതിന് പിന്നാലെയാണ് മഹാരഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി പരംബീര്‍ സിംഗ് രംഗത്തെത്തിയത്.

പരംബീര്‍ സിംഗ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

വിവിധ ബാറുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമായി പ്രതിമാസം 100 കോടി രൂപ സമാഹരിക്കാന്‍ മന്ത്രിക്ക് ലക്ഷ്യമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് പറഞ്ഞതായാണ് പരംബീര്‍ സിംഗിന്റെ കത്തിലെ ആരോപണം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനാണ് വാസെ.

മേല്‍പ്പറഞ്ഞ ലക്ഷ്യം കൈവരിക്കുന്നതിനായി 1,750 ബാറുകളും റെസ്റ്റോറന്റുകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടെന്നും വാസെയോട് പറഞ്ഞതായി പരംബിര്‍ സിംഗ് പറയുന്നു. 2-3 ലക്ഷം രൂപ വീതം പിരിച്ചെടുത്താല്‍ പ്രതിമാസം 40-50 കോടി രൂപ പിരിച്ചെടുക്കാനാവും എന്ന് മന്ത്രി പറഞ്ഞതായി സിംഗ് പറയുന്നു.

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ദേശ്മുഖ് ആണ് പൊലീസ് മേധാവിയെ മാറ്റിയതായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Sachin Waze’s Posting Was On Ex-Top Cop’s Orders: Mumbai Police Report