രാജസ്ഥാനിലെ ബി.ജെ.പിയുടെ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചോദിക്കാന്‍ യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റ്
rajasthan election
രാജസ്ഥാനിലെ ബി.ജെ.പിയുടെ മുസ്‌ലിം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചോദിക്കാന്‍ യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റ്
ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 1:14 pm

ജയ്പൂര്‍: രാജ്സ്ഥാനിലെ ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടു ചോദിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സച്ചിന്‍ പൈലറ്റ്. ബി.ജെ.പി മതധ്രുവീകരണം നടത്തി വോട്ടു നേടുകയാണെന്ന് സച്ചിന്‍ പൈലറ്റ് ആരോപിച്ചു.

“ഞാന്‍ മതത്തിനെതിരെയല്ല ടോംഗില്‍ മല്‍സരിക്കുന്നത്. ടോംഗിന്റെ വികസനത്തിനായാണ് ഞാന്‍ പോരാടുന്നത്. സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്കിടയില്‍ മതധ്രുവീകരണം നടത്തുകയാണ് ബി.ജെ.പി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യൂനുസ് ഖാനു വേണ്ടി വോട്ടു ചോദിക്കാനയക്കാന്‍ ഞാനവരെ വെല്ലുവിളിക്കുന്നു”- ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സച്ചിന്‍ പറഞ്ഞു.

എന്നാല്‍ മന്ദിറിന്റെയും മസ്ജിദിന്റെയും പേരില്‍ രാഷ്ട്രീയം കളിക്കുന്ന് യോഗി അതിന് മുതിരില്ലെന്നും അവര്‍ വൈദ്യുതിയുടേയും, വെള്ളത്തിന്റെയും, റോഡുകളുടേയും കാര്യത്തില്‍ ഇടപെടാറില്ലെന്നും സച്ചിന്‍ പൈലറ്റ് തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

സച്ചിന്‍ പൈലറ്റ് മല്‍സരിക്കുന്ന ടോങ്കില്‍, സിറ്റിങ്ങ് എം.എല്‍.എ അജിത് സിങ്ങ് മെഹ്തയെ ആയിരുന്നു ബി.ജെ.പി ആദ്യം സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരുന്നത്. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മെഹ്തയെ തഴഞ്ഞ് മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യം വെച്ച് യൂനുസ് ഖാനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുകയായിരുന്നു. 55,000ത്തോളം മുസ്‌ലിം വോട്ടര്‍മാരാണ് തോംഗിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂനുസ് ഖാനിന് വേണ്ടി വോട്ടു ചോദിക്കാനാണ് യോഗിയെ സച്ചിന്‍ വെല്ലുവിളിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വസുന്ധര രാജെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി വാഗ്ദാനലംഘനം മാത്രം നടത്തിയ സര്‍ക്കാരാണ് രാജസ്ഥാനില്‍ ഭരിച്ചതെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. ഡിസംബര്‍ 7നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലങ്ങള്‍ പുറത്തു വരും.