എഡിറ്റര്‍
എഡിറ്റര്‍
കല്‍ബുര്‍ഗിക്കും ഗൗരിക്കും നേരെ നിങ്ങള്‍ നീട്ടിയ തോക്കുമായി വന്നാല്‍ ഞാന്‍ അതിനു എന്നേ തയ്യാര്‍; സച്ചിദാനന്ദന്‍
എഡിറ്റര്‍
Friday 3rd November 2017 5:21pm


തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം തനിക്ക് ലഭിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കവി സച്ചിദാനന്ദന്‍. പുരസ്‌കാരങ്ങള്‍ കണ്ടല്ലാ അന്നും ഇന്നും എഴുതുന്നതെന്നും അതുകൊണ്ട് അതില്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘പിന്നിലുള്ളയാളും ഹെല്‍മറ്റ് ധരിക്കൂ’; മലയാളി യുവതിയെ കാത്തു നിന്ന് സ്‌നേഹോപദേശവുമായി സച്ചിന്‍; വീഡിയോ


ചിലയാളുകള്‍ പറയുന്നത് ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ എതിര്‍ക്കുകയും ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കുകയും ചെയ്യുന്ന എനിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കരുതായിരുന്നെന്നും അത് പിന്‍വലിക്കണമെന്ന അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പറയുന്ന സച്ചിദാനന്ദന്‍ തനിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത്.

പക്ഷേ അവരോട് തനിക്ക ഒരു അപേക്ഷയുണ്ടെന്നും ‘അവരില്‍ അക്ഷരം അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ തുഞ്ചന്റെ അധ്യാത്മരാമായണവും ഭാഗവതവും ഭാരതം കിളിപ്പാട്ടും ഹരിനാമകീര്‍ത്തനവുമൊക്കെ ഒന്ന് വായിച്ചു നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘രാമായണമായിരുന്നു എന്നെ പ്രചോദിപ്പിച്ച ആദ്യത്തെ കാവ്യാനുഭവം എന്നും പത്തു വയസ്സായപ്പോഴേക്കും ഞാന്‍ രാമായണം മുഴുവന്‍ വായിച്ചു കഴിഞ്ഞിരുന്നു എന്നും ഇന്ത്യക്കും പുറത്തും ഞാനുമായി അഭിമുഖം നടത്തിയവരോട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കണം.’ അദ്ദേഹം പറഞ്ഞു.


Dont Miss: ബി.ജെ.പിയെ ഞെട്ടിച്ച് അമിത് ഷായുടെ റാലിയിലെ ഒഴിഞ്ഞകസേരകള്‍: ക്യാമറയ്ക്കുമുമ്പില്‍ ശക്തികാണിക്കാനെങ്കിലും കസേര നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍


‘രാമായണ വൈവിധ്യം നിങ്ങള്‍ അംഗീകരിക്കുന്നില്ലെന്നറിയാം, പക്ഷെ കണ്ണടച്ച് ഇരുട്ടാക്കാന്‍ പറ്റില്ലല്ലോ, മലയാളത്തില്‍ തന്നെ വയാനാടന്‍ രാമായണവും, പാതാളരാമായണവും മാപ്പിള രാമായണവും ഉള്‍പ്പെടെ 23 രാമായണങ്ങള്‍ ഉണ്ട്, ഇന്ത്യയില്‍ ആയിരത്തിലേറെ, പിന്നെ ദക്ഷിണേഷ്യ മുഴുവന്‍ അസംഖ്യമുണ്ടെന്നും അതെക്കുറിച്ച് ഞാന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാമെന്നും അദ്ദേഹം പറയുന്നു.

‘നിങ്ങള്‍ എല്ലാ ജ്ഞാനത്തെയും അപകടമായി കാണുന്നവര്‍ ആണെങ്കിലും അല്‍പ്പം ആലോചിച്ചും സൂക്ഷിച്ചും സംസാരിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. എന്നെ അതൊന്നും ബാധിക്കുകയില്ല. ഏറി വന്നാല്‍ കല്‍ബുര്‍ഗിക്കും ഗൗരിക്കും നേരെ നിങ്ങള്‍ നീട്ടിയ തോക്ക് അതിനു ഞാന്‍ എന്നെ തയ്യാറെന്ന്’ പറഞ്ഞാണ് സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘ചിലയാളുകള്‍ പറയുന്നത് ഹിന്ദുത്വപ്രത്യയശാസ്ത്രത്തെ എതിര്‍ക്കുകയും ന്യൂനപക്ഷങ്ങള്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കുകയും ചെയ്യുന്ന എനിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കരുതായിരുന്നു എന്നാണു. അത് പിന്‍വലിക്കണം എന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഞാന്‍ പുരസ്‌കാരങ്ങള്‍ ഒന്നും കണ്ടല്ലാ അന്നും ഇന്നും എഴുതുന്നതെന്നത് കൊണ്ട് അതില്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല.

പക്ഷെ ഒരപേക്ഷയുണ്ട്: അവരില്‍ അക്ഷരം അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ തുഞ്ചന്റെ അധ്യാത്മരാമായണവും ഭാഗവതവും ഭാരതം കിളിപ്പാട്ടും ഹരിനാമകീര്‍ത്തനവുമൊക്കെ ഒന്ന് വായിച്ചു നോക്കണം. ശൂദ്രന്നു വേദം നിഷേധിച്ച ഹിന്ദു വ്യവസ്ഥയെ നാരായം കൊണ്ട് കുത്തിക്കീറിയ ശേഷമാണ് എഴുത്തച്ഛന്‍ രാമായണരചന നിര്‍വ്വഹിച്ചതെന്നു പറയുന്ന ഇടശ്ശേരിയുടെ ‘പ്രണാമം ‘ എന്ന കവിത വായിക്കണം.

നാട്ടില്‍ നിന്നെത്തുന്ന ലക്ഷ്മണനോട് രാമന്‍ കാട്ടില്‍ വച്ച് ആദ്യം ചോദിക്കുന്നത് നിരീശ്വരവാദികളായ ചാര്‍വാകര്‍ക്ക് സുഖം തന്നെയല്ലേ എന്നാണു എന്ന് കാണണം. താന്‍ വിയോജിക്കുന്ന ചാര്‍വാകരെ കൊല്ലാനല്ല അദ്ദേഹം കല്‍പ്പിച്ചത് എന്നറിയണം. പിന്നെ രാമായണമായിരുന്നു എന്നെ പ്രചോദിപ്പിച്ച ആദ്യത്തെ കാവ്യാനുഭവം എന്നും പത്തു വയസ്സായപ്പോഴേക്കും ഞാന്‍ രാമായണം മുഴുവന്‍ വായിച്ചു കഴിഞ്ഞിരുന്നു എന്നും ഇന്ത്യക്കും പുറത്തും ഞാനുമായി അഭിമുഖം നടത്തിയവരോട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കണം.

‘എഴുത്തച്ഛനെഴുതുമ്പോള്‍’ എന്ന കവിത ഉള്‍പ്പെടെ ആ മഹാകവിയുടെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ അനേകം കവിതകള്‍ വായിക്കണം. തിരൂര്‍ തുഞ്ചന്‍ പറമ്പിലും, ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ഇയ്യിടെ മദ്രാസ് സര്‍വ്വകലാശാലയിലും ഭക്തിപാരംപര്യവും എഴുത്തച്ഛനും എന്നെ വിഷയത്തെകുറിച്ച് ഞാന്‍ നടത്തിയ പ്രഭാഷണങ്ങള്‍ തരമുണ്ടെങ്കില്‍ കേള്‍ക്കണം.

ഗുജറാത്തിലെ ഒരു സെമിനാറില്‍ എഴുത്തച്ഛനെക്കുറിച്ച് ഞാന്‍ അവതരിപ്പിച്ച സുദീര്‍ഘമായ പ്രബന്ധം വായിക്കണം. അത് ഡീ കെ പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ രാമായണ പാരമ്പര്യത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് പുസ്തകത്തില്‍ ഉണ്ട്. രാമായണ വൈവിധ്യത്തെക്കുറിച്ചു (ഇത് നിങ്ങള്‍ അംഗീകരിക്കുന്നില്ലെന്നറിയാം, പക്ഷെ കണ്ണടച്ച് ഇരുട്ടാക്കാന്‍ പറ്റില്ലല്ലോ, മലയാളത്തില്‍ തന്നെ വയാനാടന്‍ രാമായണവും, പാതാളരാമായണവും മാപ്പിള രാമായണവും ഉള്‍പ്പെടെ 23 രാമായണങ്ങള്‍ ഉണ്ട്, ഇന്ത്യയില്‍ ആയിരത്തിലേറെ, പിന്നെ ദക്ഷിണേഷ്യ മുഴുവന്‍ അസംഖ്യം) അതെക്കുറിച്ച് ഞാന്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം,

നിങ്ങള്‍ എല്ലാ ജ്ഞാനത്തെയും അപകടമായി കാണുന്നവര്‍ ആണെങ്കിലും. അപ്പോള്‍ അല്‍പ്പം ആലോചിച്ചും സൂക്ഷിച്ചും സംസാരിച്ചാല്‍ നിങ്ങള്‍ക്ക് നന്ന്. എന്നെ അതൊന്നും ബാധിക്കുകയില്ല. ഏറി വന്നാല്‍ കല്‍ബുര്‍ഗിക്കും ഗൗരിക്കും നേരെ നിങ്ങള്‍ നീട്ടിയ തോക്ക് അതിനു ഞാന്‍ എന്നേ തയ്യാര്‍!’

Advertisement