ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Opinion
എട്ടുദശാബ്ദങ്ങള്‍ക്ക് മുമ്പ് കല്ലും മുള്ളും ചവിട്ടി കടന്നു പോന്ന നീണ്ടവഴി തിരിഞ്ഞു നടക്കുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആനന്ദ് എഴുതുന്നു
ന്യൂസ് ഡെസ്‌ക്
Wednesday 10th October 2018 6:39pm

നീതിക്കും മാനുഷികമായ അന്തസ്സിനും വേണ്ടിയുള്ള കഴിഞ്ഞ എതാണ്ട് രണ്ട് നൂറ്റാണ്ട് കാലത്തെ പ്രയത്‌നത്തില്‍ സ്ത്രീ ഒരു പ്രധാനകേന്ദ്രമായരുന്നു. സതി, പെണ്‍ ശിശു ഹത്യ, ബാല്യവിവാഹം, വൈധവ്യ ജീവിതം, ദേവദാസി സമ്പ്രദായം, ഇങ്ങനെ പോകുന്നു അവരെ ബാധിക്കുന്ന വിഷയങ്ങള്‍. പല നിയമങ്ങളും ഉണ്ടായി. എങ്കിലും പുരുഷാധിപത്യവും വിവേചനവും ശാരീരികമായ അക്രമം തന്നെയും പലരുപങ്ങളില്‍ തുടര്‍ന്നു.

വി.ടി ഭട്ടതിരിപ്പാടിന്റെ ജയിലില്‍ നിന്ന് പരോളിലേക്കുള്ള പുരോഗമനം എന്ന നിരീക്ഷണം ഏറെ കുറെ ശരിയാണെന്ന് തോന്നിക്കും വിധം പൂജാരിമാരുടെയും, പാതിരിമാരുടെയും, തമ്പുരാക്കന്‍മാരുടെയും മുല്ലമാരുടെയും പിടി അയഞ്ഞിട്ടില്ലെന്നാണ് അനുഭവം.

പിന്നീട് അവതരിച്ച് തമ്പുരാക്കന്‍മാരുടെ തമ്പുരാക്കന്‍മാരായ രാഷ്ട്രീയക്കാരും ഇപ്പോള്‍ സ്വന്തം അജണ്ടകളുമായി അവരുടെ കൂടെ ചേര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെത്തന്നെ അണിനിരത്തുന്ന നീചമായ രീതിയാണ് അവരുടേത്. തങ്ങളുടേതല്ലാത്ത ഏത് ദൈവങ്ങളുടെ താല്‍പ്പര്യമാണ് ഇവരൊക്കെ സംരക്ഷിക്കുന്ന ചോദ്യം ജനങ്ങള്‍ വിശേഷിച്ചും സ്ത്രീകള്‍ ചോദിക്കേണ്ട അവസരം വന്നിരിക്കുന്നു.

നിങ്ങള്‍ വിശ്വാസിയാണോ അല്ലയോ, അഥവാ ക്ഷേത്രത്തില്‍ പോകുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം. നിങ്ങള്‍ തിരഞ്ഞെടുത്തതല്ലാത്ത നിങ്ങളുടെ അവസ്ഥയുടെ പേരില്‍ നിങ്ങള്‍ വിവേചനം ചെയ്യപ്പെടുന്നുണ്ടോ , നിങ്ങളുടെ മാനുഷികമായ അന്തസ് നഷ്ടപ്പെടുന്നുണ്ടോ എന്നതാണ്. അതുപോലുള്ള മറ്റൊരു അവസ്ഥ നേരിട്ടിരുന്ന അവര്‍ണ്ണര്‍ക്ക് ക്ഷേത്രങ്ങള്‍ തുറന്നു കൊടുത്ത ഇന്ത്യയിലെ ആദ്യത്തെ ഇടമായിരുന്നു കേരളം.

എട്ടുദശാബ്ദങ്ങള്‍ക്ക് മുമ്പ് കല്ലും മുള്ളും ചവിട്ടി കടന്നു പോന്ന ഈ നീണ്ടവഴി തിരിഞ്ഞു നടക്കുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഈ ചോദ്യം ചോദിക്കോണ്ടി വരുന്നു എന്നത് തന്നെ ലജ്ജയുണ്ടാക്കുന്നു.

DoolNews Video

Advertisement