യുവതികളുടെ ശബരിമല പ്രവേശനം ശബരിമല പ്രതിഷേധത്തിന്റെ പരാജയമെന്ന് രാഹുൽ ഈശ്വർ
Kerala News
യുവതികളുടെ ശബരിമല പ്രവേശനം ശബരിമല പ്രതിഷേധത്തിന്റെ പരാജയമെന്ന് രാഹുൽ ഈശ്വർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 8:52 pm

കൊച്ചി: സമരത്തിന്റെ പരാജയമാണ് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതെന്നും യുവതികളുടെ പ്രവേശനം സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധന ഹർജിയെ ദുർബ്ബലപ്പെടുത്തുമെന്നും അയ്യപ്പ ധർമ്മ അധ്യക്ഷൻ രാഹുൽ ഈശ്വർ. ശബരിമലയിൽ ഇഷ്ടംപോലെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടെന്നും, അവിടെ ഒരു കുഴപ്പവുമില്ലെന്നും, യാതൊരു തടസ്സവുമില്ലെന്നുമുള്ള പ്രതീതി ഉണ്ടാക്കിയെടുത്ത് സുപ്രീം കോടതിയിൽ പുനർഹർജി പരിഗണിക്കുമ്പോൾ കേസിനു ബലം ലഭിക്കുന്നതിന് വേണ്ടിയുള്ള കള്ളക്കളിയാണ് ഇപ്പോള്‍ നടക്കുന്നത്. രാഹുൽ പറയുന്നു. സംസ്ഥാനത്തിന്റെ പോലീസ് സേനയെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ഈശ്വർ രൂക്ഷമായി വിമർശിച്ചു.

Also Read “കേരളത്തില്‍ പോകുമ്പോള്‍ സൂക്ഷിക്കുക”: സഞ്ചാരികള്‍ക്ക് ബ്രിട്ടന്റെ ജാഗ്രതാ നിര്‍ദ്ദേശം

മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഇത്തരത്തിൽ ഒരു പ്രവൃത്തി താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വീണ്ടും സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചെന്നും ശ്രീലങ്കന്‍ സ്വദേശിനി ശശികല ദര്‍ശനം നടത്തിയെന്നുമുള്ള വാദങ്ങൾ കള്ളമാണെന്നും രാഹുല്‍ പറഞ്ഞു.

പിണറായി വിജയൻ ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ ഇടപെടൽ മൂലമാണ് ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയിൽ പ്രവേശിക്കാൻ സാധിച്ചതെന്നും രാഹുല്‍ ഈശ്വർ ആരോപിച്ചു. ഇപ്പോൾ ജാതി രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയാണെന്നും രാഹുല്‍ പറഞ്ഞു.

Also Read തന്നെ സംശയിക്കാനുള്ള കാരണങ്ങള്‍ പ്രധാനമന്ത്രി തന്നെ ജനങ്ങള്‍ക്ക് നല്‍കുന്നു; റഫാല്‍ വിവാദത്തെക്കുറിച്ച് എച്ച്.ഡി. ദേവഗൗഡ

മുഖ്യമന്ത്രിക്കും പോലീസിനും ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ പ്രതിരോധം തകർത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുകയാണ് വേണ്ടത്. സർക്കാരിന് നട്ടെല്ലുണ്ടായിരുന്നെങ്കിൽ യുവതികളെ ട്രാൻസ്‍ജെൻഡറുകളാണെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടിയിലൂടെയല്ലാതെ പിൻ ഗേറ്റിലൂടെ ദർശനത്തിന് കൊണ്ടു പോകില്ലായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.