തന്നെ സംശയിക്കാനുള്ള കാരണങ്ങള്‍ പ്രധാനമന്ത്രി തന്നെ ജനങ്ങള്‍ക്ക് നല്‍കുന്നു; റഫാല്‍ വിവാദത്തെക്കുറിച്ച് എച്ച്.ഡി. ദേവഗൗഡ
national news
തന്നെ സംശയിക്കാനുള്ള കാരണങ്ങള്‍ പ്രധാനമന്ത്രി തന്നെ ജനങ്ങള്‍ക്ക് നല്‍കുന്നു; റഫാല്‍ വിവാദത്തെക്കുറിച്ച് എച്ച്.ഡി. ദേവഗൗഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 8:33 pm

ബംഗളൂരു: പാര്‍ലമെന്റില്‍ റഫാല്‍ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ നരേന്ദ്ര മോദി മോദിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. തന്നെ സംശയിക്കാനുള്ള കാരണങ്ങള്‍ പ്രധാനമന്ത്രി തന്നെ ജനങ്ങള്‍ക്ക് നല്‍കുന്നു എന്നും തനിക്കെതിരെ ഒരു പരാതി ഉയരുന്ന സാഹചര്യത്തില്‍ സഭയില്‍ നരേന്ദ്ര മോദി ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“എന്തു കൊണ്ട് പ്രധാനമന്ത്രിക്ക് സഭയില്‍ വന്ന് സംസാരിച്ചു കൂട? പ്രതിരോധ മന്ത്രി നന്നായി സംസാരിച്ചു, പക്ഷെ അത് വേറെ കാര്യം. പരാതി പ്രധാനമന്ത്രിക്കെതിരാണ്. എന്റെ കാഴ്ചപ്പാടില്‍ പ്രധാനമന്ത്രിയല്ല ആര്‍ക്കെതിരെ പരാതി ഉയര്‍ന്നാലും അവര്‍ സഭയ്ക്ക് മുന്നില്‍ വരണം. തന്നെ സംശയിക്കാനുള്ള കാരണങ്ങള്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി ശരിയാണോ മറ്റു വല്ലവരുമാണോ ശരി എന്നല്ല ഇവിടത്തെ വിഷയം. തനിക്കെതിരെ ഉയരുന്ന ചോദ്യത്തിന് എന്തു കൊണ്ട് പ്രധാനമന്ത്രി മറുപടി പറയുന്നില്ല?”- ബംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

Also Read മനോഹരമായി സംസാരിച്ചു, പക്ഷെ എനിക്കുള്ള മറുപടി മാത്രം തന്നില്ല; നിര്‍മല സീതാരാമനെതിരെ രാഹുല്‍ ഗാന്ധി

എപ്പോഴെങ്കിലും തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉയരുന്ന സാഹചര്യത്തില്‍ അത് അഭിമുഖീകരിക്കണമെന്ന് ദേവഗൗഡ മോദിയെ ഉപദേശിച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ റഫാല്‍ വിവാദത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ രൂക്ഷമായ ചര്‍ച്ചയാണ് നടക്കുന്നത്. ഇന്നലെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമന്‍ രാഹുല്‍ ഗാന്ധി റഫാല്‍ വിഷയത്തില്‍ ഉന്നയിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

അതേസമയം, റഫാലില്‍ താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഓടിയൊളിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പങ്കിനെ കുറിച്ച് സീതാരാമന്‍ മറുപടി തരാന്‍ തയ്യാറായില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.