ശബരിമല: നവോത്ഥാന നിലപാടില്‍ നിന്ന് പിന്നോട്ട് പോയാല്‍ സി.പി.ഐ.എം വിചാരണ ചെയ്യപ്പെടും: പുന്നല ശ്രീകുമാര്‍
Kerala
ശബരിമല: നവോത്ഥാന നിലപാടില്‍ നിന്ന് പിന്നോട്ട് പോയാല്‍ സി.പി.ഐ.എം വിചാരണ ചെയ്യപ്പെടും: പുന്നല ശ്രീകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd September 2025, 11:56 am

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സി.പി.ഐ.എം അവസരവാദപരമായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ എതിര്‍ക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുന്‍ കണ്‍വീനറും കേരള പുലയര്‍ മഹാ സഭാ ജനറല്‍സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കാനിരിക്കെയാണ് പുന്നല ശ്രീകുമാര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് സീറ്റിനോ നാല് വോട്ടിനോ വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള പാര്‍ട്ടി അതില്‍ നിന്നും പിന്മാറില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ നിലപാടെടുക്കുന്നാണ് താന്‍ കരുതുന്നതെന്നും ബി.ജെ.പി കേരള രാഷ്ട്രീയത്തില്‍ സാന്നിധ്യം അറിയിക്കാനും സീറ്റുകള്‍ നേടാനും ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റമെന്നും പുന്നല ശ്രീകുമാര്‍ നിരീക്ഷിച്ചു.

ബി.ജെ.പി ഹിന്ദു കാര്‍ഡ് ഉപയോഗിച്ച് ഏകപക്ഷീയമായി ആ വോട്ട് നേടേണ്ടെന്ന ചിന്തയില്‍ നിന്നുള്ള തന്ത്രപരമായ നീക്കമാകാം സി.പി.ഐ.എമ്മിന്റെത്. തീവ്രഹിന്ദുത്വത്തെ തടയാന്‍ മൃദുഹിന്ദുത്വമെന്ന നിലപാട് ശരിയല്ലെന്നും പുന്നല മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പരിഷ്‌കരണ ചിന്തകള്‍ കൊണ്ട് ഇത്തരം നിലപാടുകളെ ചോദ്യം ചെയ്യാതെ മൃദുസമീപനം സ്വീകരിച്ചാല്‍ പരിഷ്‌കൃത സമൂഹത്തിന് മുന്നില്‍ സി.പി.ഐ.എം വിചാരണ ചെയ്യപ്പെടുമെന്നും പുന്നല പറഞ്ഞു. ഇതിലൂടെ സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. പുതിയകാലത്തെ സന്ദേശത്തെ തമസ്‌കരിക്കാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുമോ എന്ന ചോദ്യത്തില്‍ അവര്‍ വിചാരണചെയ്യപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, സര്‍ക്കാരിന്റെ നിലപാട് മാറ്റത്തില്‍ കെ.പി.എം.എസിന് നിരാശയില്ലെന്നും അധികാരത്തിന് വേണ്ടി വിട്ടുവീഴ്ചകള്‍ക്ക് ഏത് പാര്‍ട്ടിയും തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക വിപ്ലവമെന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജന്‍ഡയാണോ അതോ കൈയ്യൊഴിഞ്ഞോ എന്നതില്‍ സി.പി.ഐ.എം തന്നെയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ നാളെ സ്ത്രീകള്‍ പ്രവേശനം നടത്തുമോയെന്നതല്ല, അതിലെ നിലപാടാണ് പ്രശ്‌നം. കോടതി ഉത്തരവിറങ്ങിയാല്‍ പോലും സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയെന്ന് വരില്ല. അതിന് പാകപ്പെടും വരെ ആശയസമരം വേണ്ടിവരും. എന്നാല്‍, ഈ വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാട് ഒരു പ്രശ്‌നമാണ്.

വനിതകളെ അണിനിരത്തി വനിതാമതില്‍ നടത്തിയ സര്‍ക്കാര്‍ സമൂഹത്തെ പിന്നോട്ട് നയിക്കാന്‍ ശ്രമിച്ചാല്‍ അതൊരു തെറ്റായ സന്ദേശം നല്‍കുമെന്നും സര്‍ക്കാരിന് വലിയ വില നല്‍കേണ്ടി വരുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ശബരിമല വിഷയത്തില്‍ പ്രതിരോധത്തിന് ഇറങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് സര്‍ക്കാര്‍ വലിയ വിലനല്‍കേണ്ടി വരും, പരിഷ്‌കൃത സമൂഹം ഇതിനെ ചോദ്യം ചെയ്യുമെന്നും എന്നാല്‍, ഒരു നിലപാട് മാറ്റത്തിന് സി.പി.ഐ.എമ്മിന് സാധിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും പുന്നല ശ്രീകുമാര്‍ പറയുന്നു.

അന്ന് സമാനചിന്താഗതിയുള്ളവര്‍ ഒന്നിച്ചുനിന്നു,കേരളത്തെ വര്‍ഗീയധ്രുവീകരണത്തിലേക്ക് പോകാതെ വനിതാമതിലിലൂടെ മുഖ്യമന്ത്രി സംരക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതേ ആളുകളെ തെരുവില്‍ നിര്‍ത്തി ആശയത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍ വിശ്വസിച്ചവരെ വഞ്ചിച്ചുവെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ അവസരവാദനിലപാട് സ്വീകരിക്കുന്നത് അപകടകരമാണ്. അങ്ങനെയൊരു നിലപാട് സ്വീകരിക്കരുതെന്നാണ് പറയാനുള്ളത്.

കെ.പി.എം.എസ് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട് എന്നതുകൊണ്ട് തന്നെ ഇടതുപക്ഷത്തിനുള്ള പിന്തുണയെ സംബന്ധിച്ച് ആ സമയത്ത് നിലപാടെടുക്കുമെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.

Content Highlight: Sabarimala: CPI(M) will be prosecuted if it backs down from its renaissance stance: Punnala Sreekumar