കോഴിക്കോട്: പോറോട്ടയും ബീഫും നല്‍കിയ ശേഷമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിച്ചതെന്ന എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പല അവസരങ്ങളിലും വാഴ്ത്തി പറഞ്ഞ എന്‍.കെ പ്രേമചന്ദ്രന്‍ ഇത്തവണ പൊറോട്ട-ബീഫ് പരാമര്‍ശത്തിലൂടെ സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അനു പാപ്പച്ചന്‍ വിമര്‍ശിച്ചു. ബീഫും രഹ്ന ഫാത്തിമയും സംഘ പരിവാറിനെ സന്തോഷിപ്പിക്കാനുള്ള പ്രേമചന്ദ്രന്റെ അടവാണെന്നും അതിന്റെ പേരാണത്രെ റെവലൂഷണറി സോഷ്യലിസമെന്നും അവര്‍ പരിഹസിക്കുന്നു.
വ്യക്തമായ ഇടവേളകളില്‍ സംഘപരിവാറിനെയും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും വാഴ്ത്തി പറയാന്‍ പ്രേമചന്ദ്രന്‍ മടിക്കുന്നില്ലെന്ന് അനു പാപ്പച്ചന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
മോദിയെ പുകഴ്ത്തി നിരന്തരം സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന എന്‍.കെ പ്രേമചന്ദ്രന്റെ ഏറ്റവും ഒടുവിലത്തെ പ്രവര്‍ത്തിയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ വിദ്വേഷ പ്രസംഗമെന്ന് ചൂണ്ടിക്കാണിക്കുകയാണ് അനു പാപ്പച്ചന്‍.
മുമ്പ് എം.പിമാര്‍ക്കുള്ള പ്രധാനമന്ത്രി മോദിയുടെ ചായ സത്കാരത്തില്‍ പങ്കെടുത്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ എന്‍.കെ പ്രേമചന്ദ്രനെ അന്നും പിന്തുണക്കാന്‍ ജോയ് മാത്യുവിനെ പോലുള്ളവര്‍ ഉണ്ടായിരുന്നെന്ന് അനു പാപ്പച്ചന്‍ പോസ്റ്റിലൂടെ പറയുന്നു.
വിമര്‍ശനം വന്നപ്പോള്‍ പ്രധാനമന്ത്രി വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയല്ലേയെന്നാണ് ജോയ് മാത്യു കുറിച്ചതെന്നും മികച്ച പാര്‍ലമെന്റേറിയനായ പ്രേമചന്ദ്രനെ ചായ കുടിക്കാന്‍ വിളിക്കാന്‍ തനിക്ക് തന്നെ തോന്നിയിട്ടുണ്ടെന്നാണ് ജോയ് മാത്യു അന്ന് പറഞ്ഞതെന്നും പോസ്റ്റിലുണ്ട്.
കാര്യങ്ങള്‍ പഠിച്ച് മാത്രം സഭയില്‍ അവതരിപ്പിക്കുന്ന പ്രേമചന്ദ്രന്‍ എം.പിയെ രാഷ്ട്രീയം നോക്കാതെ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയിലേക്ക് ചര്‍ച്ചയ്ക്കയച്ചു. ‘ഭാരതത്തിന്റെ മഹിമ ലോകത്തെയറിയിച്ചതിന് സംഘ ശബ്ദങ്ങളുടെ യൂട്യൂബ് ചാനലുകള്‍ അദ്ദേഹത്തെ സ്തുതിച്ചു’, എന്നും അനു പാപ്പച്ചന്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധിയെപ്പോലെ ഇന്ത്യയെ കുറ്റം പറഞ്ഞ് നടക്കുകയല്ല, കണ്ടു പഠിക്കണണമെന്നായിരുന്നു അന്ന് സംഘപരിവാറിന്റെ പ്രചരണമെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
കേരളത്തിലെ പൊതുപരിപാടിക്കിടയിലും മോദിയെ പുകഴ്ത്താന്‍ പ്രേമചന്ദ്രന്‍ മടിച്ചില്ല. കുണ്ടറ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മോദിയെ പുകഴ്ത്തിക്കൊണ്ട് ‘നമ്മുടെ പ്രധാനമന്ത്രി പറഞ്ഞാല്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താല്‍ പിന്നെ അനുഗ്രഹീത നിമിഷമായി’ എന്നൊക്കെയാണ് പ്രേമചന്ദ്രന്‍ പുകഴ്ത്തിയത്. അന്ന് വേദിയില്‍ ജയ് ജയ് ബി.ജെ.പി സ്തുതികള്‍ മുഴങ്ങിയതും അവര്‍ വിശദീകരിച്ചു.
‘കഥ കേട്ടിട്ടില്ലേ, അങ്ങനെയിരിക്കെ ആകാശത്ത് പൗര്‍ണമി ചന്ദ്രനെ കണ്ടതും കാട്ടിലെ കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങി. ഇത് കേട്ടതും നീലക്കുറുക്കന്‍ അറിയാതെ കൂവി. വെളിച്ചം സഹിക്കവയ്യാത്ത കുറുക്കന്മാര് കൂവും. ബീഫും രഹ്നയും സംഘത്തിനു വേണ്ടിയുള്ള ഓരിയിടലാണ്. അതിന്റെ പേരാണത്രേ, റെവലൂഷണറി സോഷ്യലിസം.’, അനു പാപ്പച്ചന്‍ കുറിച്ചു.
പണ്ട് പ്രധാനമന്ത്രിജിയുടെ ചായസല്‍ക്കാരത്തില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതിനെതിരെ വിമര്‍ശനം വന്നപ്പോള്‍ പ്രധാനമന്ത്രി വിളിച്ചാല്‍ പോകണ്ടത് ഏതൊരു പൗരന്റെയും കടമയല്ലേ എന്ന് ജോയ് മാത്യു സാറാണ് കുറിച്ചതെന്നു തോന്നുന്നു.’ കാര്യങ്ങള്‍ പഠിച്ച് മാത്രം ഉജ്ജ്വലമായി സഭയില്‍ അവതരിപ്പിക്കുന്ന, മികച്ച പാര്‍ലിമെന്റേറിയന്‍ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രന്‍ എം പിയെ ചായകുടിക്കാന്‍ വിളിക്കാന്‍ ഈ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്’. എന്നാണ് ജോയ് മാത്യു സാര്‍ അന്ന് എഴുതിയത്.
പിന്നീട് കാര്യങ്ങള്‍ ഉജ്വലമായി പഠിക്കുന്ന പ്രേമചന്ദ്രന്‍ സാറിനെ രാഷ്ട്രീയം ഒന്നും നോക്കാതെ, പ്രധാനമന്ത്രിജി ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചക്കു വിട്ടു. ഭാരതത്തിന്റെ മഹിമ ലോകത്തെയറിയിച്ചതിന് സംഘ ശബ്ദങ്ങളുടെ യൂടൂബ് ചാനലുകള്‍ അദ്ദേഹത്തിനെ സ്തുതിച്ചു.’ കണ്ടോ രാഹുല്‍ ഗാന്ധിയെപ്പോലെ ഇന്ത്യയെ കുറ്റം പറഞ്ഞ് നടക്കയല്ല, കണ്ടു പഠിക്കണം പ്രേമചന്ദ്രനെ’എന്നായിരുന്നു.
പിന്നീട് കുണ്ടറ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തില് പ്രേമചന്ദ്രന്‍ ജിയെ പുകഴ്ത്തി.’ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞാല്‍ പറഞ്ഞതാണ്.. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്താല്‍ പിന്നെ അനുഗ്രഹീതനിമിഷമായി ‘ എന്ന് കണ്ണു നിറച്ചു. ഉടനെ സദസില്‍ നിന്ന് ജയ് ജയ് ബി ജെ പി എന്ന സംഘനാദം ഉണ്ടാവുകയും ചെയ്തു. കഥ കേട്ടിട്ടില്ലേ, അങ്ങനെയിരിക്കെ ആകാശത്ത് പൗര്‍ണ്ണമി ചന്ദ്രനെ കണ്ടതും കാട്ടിലെ കുറുക്കന്മാര്‍ ഓരിയിടാന്‍ തുടങ്ങി. ഇത് കേട്ടതും നീലക്കുറുക്കന്‍ അറിയാതെ കൂവി. വെളിച്ചം സഹിക്കവയാത്ത കുറുക്കന്മാര് കൂവും.ബീഫും രഹ്നയുംസംഘത്തിനു വേണ്ടിയുള്ള ഓരിയിടലാണ്. അതിന്റെ പേരാണത്രേ, റെവലൂഷണറി സോഷ്യലിസം.
അതേസമയം, യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണ യാത്രയിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ്ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി അതിനുശേഷം പൊലീസ് വാനില്‍ ആരും കാണാതെ പമ്പയിലെത്തിച്ച് മലകയറ്റാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും പമ്പയില്‍ ആഗോള അയ്യപ്പ സംഗമത്തിന് നേതൃത്വം നല്‍കിയത്’, പ്രേമചന്ദ്രന്‍ ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു.
‘ബീഫ് എനിക്കിഷ്ടമാണ്. പക്ഷെ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പറാണ്’, എന്നാണ് ബിന്ദു അമ്മിണി പ്രേമചന്ദ്രന് സോഷ്യല്‍മീഡിയയിലൂടെ മറുപടി നല്‍കിയത്.
Content Highlight: Sabarimala Beef and Rahana Fathima Controversy: Writer Anu pappachan criticizes NK Premachandran MP