നടക്കാത്ത ഭജന്‍സിന് എട്ട് ലക്ഷം; അയ്യപ്പസംഗമത്തിന്റെ വരവുചെലവ് കണക്കുകളില്‍ അടിമുടി പൊരുത്തക്കേട്
Kerala
നടക്കാത്ത ഭജന്‍സിന് എട്ട് ലക്ഷം; അയ്യപ്പസംഗമത്തിന്റെ വരവുചെലവ് കണക്കുകളില്‍ അടിമുടി പൊരുത്തക്കേട്
രാഗേന്ദു. പി.ആര്‍
Friday, 13th February 2026, 11:56 am

പന്തളം: ആഗോള അയ്യപ്പസംഗമത്തിനായി ദേവസ്വം ബോര്‍ഡില്‍ നിന്ന് ഏറ്റെടുത്ത പണം തിരിച്ചടച്ചുവെന്ന് ദേവസ്വം കമ്മീഷണര്‍. മൂന്ന് കോടി രൂപയാണ് തിരിച്ചടച്ചത്.

ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് ദേവസ്വം കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2025 നവംബര്‍ നാലിന് കൈമാറിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അഡ്വാന്‍സായി ലഭിച്ച മൂന്ന് കോടി രൂപ തിരിച്ചടച്ചുവെന്നും സ്പോണ്‍സര്‍ഷിപ്പ് വഴി രണ്ട് കോടി രൂപ ഉടന്‍ ലഭിക്കുമെന്നും അതുവഴി എല്ലാ ബാധ്യതകളും തീര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, അയ്യപ്പസംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്ന് അഞ്ച് കോടി രൂപ ദേവസ്വം കമ്മീഷണറുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ഇതില്‍ മൂന്ന് കോടി രൂപ അഡ്വാന്‍സായി കരാര്‍ കമ്പനിക്ക് നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്.

തുടര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ച മൂന്ന് കോടി രൂപ ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കുകയും ചെയ്തു. ബാക്കിയുള്ള രണ്ട് കോടി രൂപ ഉപയോഗിച്ചിട്ടില്ലെന്നാണ് നിഗമനം.

ഇതിനുപുറമെ ആഗോള അയ്യപ്പസംഗമത്തിനായി ആകെ ചെലവായത് നാല് കോടി 99 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനേക്കാള്‍ അധികം പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അടക്കം ആരോപണം.

വരവുചെലവ് കണക്കുകളില്‍ അവ്യക്തതയുണ്ടെന്നാണ് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചെലവായിരിക്കുന്നത്.

ഗസ്റ്റ് ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനി വിരിക്കാന്‍ 15,930 രൂപ ചെലവായെന്നും ബില്ലിൽ കാണിക്കുന്നു. വി.ഐ.പികള്‍ക്ക് നല്‍കിയ ഭക്ഷണത്തിന് ചെലവായത് 30,000 രൂപയുമാണ്.

നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തതായും വിവരമുണ്ട്. എന്നാല്‍ അയ്യപ്പ സംഗമത്തിന്റെ ഭാഗമായി പമ്പയില്‍ ഭജന്‍സ് നടന്നിട്ടില്ല.

അതേസമയം ഗായകന്‍ ഇഷാനും സംഘവും ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രധാന വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചിരുന്നു. പക്ഷെ ഇതുസംബന്ധിച്ച ബില്ലുകള്‍ ഓഡിറ്റിന് സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം. അയ്യപ്പ സംഗമത്തിനായി പത്ത് കോടി രൂപയാണ് ചെലവായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Sabarimala Ayyappa Sangamam’s income and expenditure figures are in stark contrast

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.