തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കുന്ന നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. 2,570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് അപ്പീല്‍.
കേന്ദ്രനയം പിന്തുടര്‍ന്നാണ് ഭൂമി ഏറ്ററെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങള്‍ക്കായുള്ള കേന്ദ്രത്തിന്റെ നയം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ രേഖകളുമാണ് ഹൈക്കോടതി റദ്ദാക്കിയത്.
പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കുമായി ശബരിമലയേക്കാള്‍ കൂടുതല്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ദല്‍ഹിയില്‍ വരാനിരിക്കുന്ന പുതിയ വിമാനത്താവളത്തിനായി 7,200 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഹൈദരാബാദില്‍ 5,500 ഏക്കറും ബെംഗളൂരുവില്‍ 4,000വും തമിഴ്നാട്ടിലെ പരന്തരൂരില്‍ 5,367 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുത്തു.
കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി 1,200 ഏക്കര്‍ ഭൂമിയാണ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നത്. അങ്ങനെയിരിക്കെ ശബരിമലക്കായി 2,570 ഏക്കര്‍ ഭൂമിയുടെ ആവശ്യമുണ്ടോയെന്നാണ് കോടതി ചോദിക്കുന്നത്.
ഇത്രയും ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോയെന്ന് സര്‍ക്കാരിന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായത്.
അതേസമയം വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യം കൂടി ഉറപ്പാക്കിയിരിക്കണമെന്നാണ് 2008ല്‍ കേന്ദ്രം അംഗീകരിച്ച നയം വ്യക്തമാക്കുന്നത്. നിലവിലെ സിംഗിള്‍ ബെഞ്ചിന്റെ വിധി ഈ നയത്തിന് എതിരാണെന്നും സംസ്ഥാനം പറയുന്നു.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ആ പദ്ധതിക്ക് ആവശ്യമുളള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം ഏറ്റെടുക്കേണ്ടത്.
ശബരിമല വിഷയത്തില്‍ ഇത്രയധികം ഭൂമിയേറ്റെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിനും സോഷ്യല്‍ ഇംപ്കാറ്റ് യൂണിറ്റിനും എക്സ്പേര്‍ട്ട് കമ്മിറ്റിക്കും കഴിഞ്ഞിട്ടില്ലെന്നാണ് വിധിയില്‍ പറയുന്നത്.
Content Highlight: Sabarimala Airport land acquisition; Government to appeal