എസ്. വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികള്‍. വാഴ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യു.ബി.ടി.എസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് ഈ സിനിമ നിര്‍മിച്ചത്.
അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ സിനിമയില്‍ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി തുടങ്ങി മികച്ച താരനിരയും ഒന്നിച്ചു.
ഇപ്പോള്‍ വ്യസനസമേതം ബന്ധുമിത്രാദികള്‍ സിനിമയുടെ സെറ്റിലിരിക്കുമ്പോള്‍ സംഭവിച്ച ഒരു രസകരമായ ഓര്‍മ പങ്കുവെക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എസ്. വിപിന്‍. യെസ് 27 എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബൈജു ചേട്ടന്റെ (ബൈജു സന്തോഷ്) പേരില്‍ ഒരാള്‍ യൂട്യൂബ് ചാനലുണ്ടാക്കി. ഞങ്ങളുടെ സെറ്റില്‍ ഇരിക്കുമ്പോള്‍ ബൈജു ചേട്ടന്‍ ഒരു ദിവസം ആ ചാനല്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ‘എന്റെ പേര് വെച്ചിട്ട് ഒരുത്തന്‍ യൂട്യൂബ് ചാനല്‍ ഉണ്ടാക്കിയേക്കുന്നു. ഇത് എത്രയും പെട്ടെന്ന് പിടിക്കണം’ എന്നാണ് ചേട്ടന്‍ ഞങ്ങളോട് പറഞ്ഞത്.
‘അവന്‍ എന്റെ പേര് വെച്ച് കാശുണ്ടാക്കുകയാണ്. അങ്ങനെ സമ്മതിക്കില്ല’ എന്നൊക്കെ അദ്ദേഹം പറഞ്ഞു. ആക്ടര്‍ ബൈജു സന്തോഷ് എന്നായിരുന്നു ആ യൂട്യൂബ് ചാനലിന്റെ പേര്. ചേട്ടന് ഇങ്ങനെയൊരു ചാനലിനെ കുറിച്ച് അറിയില്ലായിരുന്നു.
ഞങ്ങള്‍ പെട്ടെന്ന് ‘അതിന്റെ ഇടയ്ക്ക് അങ്ങനെ ഒരു സംഭവും ഉണ്ടായോ’ എന്നും പറഞ്ഞിട്ട് ആ യൂട്യൂബ് ചാനല്‍ തപ്പി നോക്കി. നോക്കുമ്പോള്‍ കണ്ടത്, ആകെ പത്ത് സബ്‌സ്‌ക്രൈബേഴ്‌സാണ് ആ ചാനലിനുള്ളത്. ഇതുവരെ ഒരു വീഡിയോയും അതില്‍ അപ്ലോഡ് ചെയ്തിട്ടുമില്ല.
പക്ഷെ ബൈജു ചേട്ടന്‍ വാശിയിലായി. ‘ഇല്ല. ഇവന്‍ എന്നെ വെച്ച് കാശുണ്ടാക്കുകയാണ്. ഇവനെ നമുക്ക് പിടിക്കണം. ആരാണ് ഇവനെന്ന് അറിയണം’ എന്നൊക്കെയാണ് ചേട്ടന്‍ പറഞ്ഞത്. അന്ന് ഞങ്ങളൊക്കെ ഒരുപാട് വലഞ്ഞിരുന്നു. ആരാണ് അതിന്റെ പിന്നില്ലെന്ന് കണ്ടുപിടിക്കേണ്ടേ. പിന്നെ അത് ഡിലീറ്റ് ചെയ്യിക്കുകയും വേണമല്ലോ (ചിരി),’ എസ്. വിപിന്‍ പറയുന്നു.
Content Highlight: S Vipin Talks About Baiju Santhosh