പ്രേമലുവില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എക്‌സ്പ്രഷന്‍ അതായിരുന്നു, എനിക്ക് വേണ്ടി നസ്‌ലെന്‍ ഒന്നുകൂടി അത് ചെയ്യുമോ: തെലുങ്ക് സക്‌സസ് മീറ്റില്‍ രാജമൗലി
Entertainment
പ്രേമലുവില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എക്‌സ്പ്രഷന്‍ അതായിരുന്നു, എനിക്ക് വേണ്ടി നസ്‌ലെന്‍ ഒന്നുകൂടി അത് ചെയ്യുമോ: തെലുങ്ക് സക്‌സസ് മീറ്റില്‍ രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th March 2024, 8:36 am

ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി വിജയക്കുതിപ്പ് തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലു. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ എത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായ പ്രേമലു, മലയാളത്തിന് പുറമേ തെലുങ്കിലും ഡബ്ബ് ചെയ്ത് പുറത്തിറക്കിയിരുന്നു. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് തെലുങ്ക് വിതരണം ഏറ്റെടുത്തത്. ആദ്യ വാരത്തില്‍ തന്നെ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ തെലുങ്ക് സക്‌സസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു. എസ്.എസ് രാജമൗലി, കീരവാണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

കാര്‍ത്തികേയ ആദ്യം ഈ സിനിമയെപ്പറ്റി പറഞ്ഞപ്പോള്‍ വലിയ കാര്യമാക്കിയെടുത്തില്ലെന്നും, എന്നാല്‍ തിയേറ്ററില്‍ നിന്ന് കണ്ടപ്പോള്‍ ആദ്യാവസാനം ചിരിച്ചുവെന്നും രാജമൗലി പറഞ്ഞു. നസ്‌ലെന്‍ എന്ന കഥാപാത്രത്തിന്റെ ഓരോ റിയാക്ഷനും ഇഷ്ടമായെന്നും അവസാന സീനില്‍ റീനുവിനെ കാണുമ്പോള്‍ കൊടുത്ത റിയാക്ഷന് തിയേറ്ററില്‍ ഗംഭീര കൈയടിയായിരുന്നുവെന്നും രാജമൗലി പറഞ്ഞു. ആ റിയാക്ഷന്‍ നസ്‌ലെനെക്കൊണ്ട് രാജമൗലി ഒന്നുകൂടി ചെയ്യിപ്പിക്കുകയും ചെയ്തു.

‘കാര്‍ത്തികേയ ഈ സിനിമയെപ്പറ്റി പറഞ്ഞപ്പോള്‍ ആദ്യം അത്ര കാര്യമാക്കിയില്ല. പക്ഷേ തിയേറ്ററില്‍ പോയി കണ്ട സമയത്ത് ആദ്യ പത്ത് മിനിറ്റ് സാധാരണ പോലെ പോയി. പിന്നീട് സിനിമ തീരുന്നത് വരെ ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇത് ഒ.ടി.ടി.യില്‍ വരുമ്പോഴോ അല്ലെങ്കില്‍ ഒറ്റക്കോ ഇരുന്ന് കണ്ടാല്‍ ഇത്രക്ക് ചിരിക്കാന്‍ പറ്റില്ല. ഒരുകൂട്ടം ആളുകള്‍ക്ക് നടുവിലിരുന്ന് അവരുടെ കൂടെയിരുന്ന് ചിരിക്കുമ്പോള്‍ അതൊരു പ്രത്യേക അനുഭവമാണ്.

ഇതില്‍ സച്ചിന്‍ എന്ന കഥാപാത്രത്തെ പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തലക്കിട്ട് ഒരു അടി അടിച്ചിട്ട്, മര്യാദക്ക് ഒരു ജോലിയൊക്കെ ചെയ്ത് ആ പെണ്ണിനെ പ്രേമിക്കെടാ എന്ന് പറയുമായിരുന്നു. പക്ഷേ നസ്‌ലെന്‍ തന്റെ റിയാക്ഷനുകളും അഭിനയവും കൊണ്ട് ആ കഥാപാത്രത്തെ മികച്ചതാക്കി. സിനിമയില്‍ നസ്‌ലെന്‍ ഒരുപാട് സ്ഥലത്ത് തന്റെ റിയാക്ഷനുകള്‍ കൊണ്ട് ഗംഭീരമാക്കി. പക്ഷേ എനിക്കിഷ്ടപെട്ട ഒന്ന് ഏതാണെന്ന് ചോദിച്ചാല്‍, അവസാന ഭാഗത്ത് ടെറസില്‍ ഇരുന്ന് മദ്യപിക്കുന്ന സീനുണ്ട്. അപ്പോള്‍ റീനുവിന്റെ കഥാപാത്രത്തെ കണ്ട് ഒരു ഹായ് കൊടുക്കും. തിയേറ്റര്‍ മൊത്തം കൈയടിയായിരുന്നു അതിന്.

കാരണം അതുവരെ ആ പെണ്‍കുട്ടിയെ കാണുമ്പോള്‍ നെര്‍വസ് ആയിരിക്കുന്ന സച്ചിന്‍ അത്ര കിടിലന്‍ ആറ്റിറ്റിയൂഡില്‍ ഒരു ഹായ് കൊടുക്കുന്നത് പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് വേണ്ടി അത് ഒന്നുകൂടി ചെയ്യൂ നസ്‌ലെന്‍, പ്ലീസ്,’ രാജമൗലി പറഞ്ഞു.

Content Highlight: S S Rajamouli about his favorite reaction of Naslen in Premalu movie