'അവള്‍ എന്നത് അത്ര മോശം വാക്കല്ല'; രേണു രാജിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍
kERALA NEWS
'അവള്‍ എന്നത് അത്ര മോശം വാക്കല്ല'; രേണു രാജിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 7:33 pm

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. തന്റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

അവള്‍ എന്നത് അത്ര മോശം മലയാളം വാക്കല്ലെന്നും എം.എല്‍.എ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ സബ്കളക്ടര്‍ രേണു രാജ് സ്റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍.ഒ.സി വേണം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും എസ് രാജേന്ദ്രന്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Read Also : പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചു വെക്കുക; കാലം ഇതിനെല്ലാം മറുപടി നല്‍കുമെന്ന് പി.സി ജോര്‍ജ്ജിനോട് ജാസ്മിന്‍ ഷാ

അതേസമയം ദേവികുളത്ത് നടക്കുന്ന പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം ഹൈക്കോടതിയെ അറിയിക്കുമെന്ന് സബ് കളക്ടര്‍ രേണുരാജ് പറഞ്ഞു. ഇത് സംബന്ധിച്ച് നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. എം.എല്‍.എയോട് മോശമായി പെരുമാറിയെന്ന ആരോപണവും രേണുരാജ് നിഷേധിച്ചു.

എം.എല്‍.എ എന്ന് മാത്രമാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. എം.എല്‍.എ തന്നോട് പരുഷമായി സംസാരിച്ചു. റവന്യു വകുപ്പ് നടപടി തടസ്സപ്പെടുത്തിയ എം.എല്‍.എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കുമെന്നും രേണുരാജ് പറഞ്ഞു.മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എംഎല്‍എ തടയുകയും മോശം പരാമര്‍ശം നടത്തുകയുമായിരുന്നു. പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കളക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എം.എല്‍.എ രേണു രാജിനെ അവഹേളിച്ചത്. അവള്‍ ഇതെല്ലാം വായിച്ച് പഠിക്കണ്ടേ, അവള് ബുദ്ധിയില്ലാത്തവള്… കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. എന്നിങ്ങനെ പോയി എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍.