പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചു വെക്കുക; കാലം ഇതിനെല്ലാം മറുപടി നല്‍കുമെന്ന് പി.സി ജോര്‍ജ്ജിനോട് ജാസ്മിന്‍ ഷാ
kERALA NEWS
പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചു വെക്കുക; കാലം ഇതിനെല്ലാം മറുപടി നല്‍കുമെന്ന് പി.സി ജോര്‍ജ്ജിനോട് ജാസ്മിന്‍ ഷാ
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 5:54 pm

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനം ഉന്നയിച്ച ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജിനെതിരെ യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ. എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കാക്ക, പൂച്ച, പാമ്പ്, തേള്‍ ,പുഴു ,പഴുതാര ,ഓന്ത് തുടങ്ങിയ എല്ലാ ചെറുതും വലുതുമായ ജീവികള്‍ പുറത്തു ചാടിയിരിക്കുന്നെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

മനുഷ്യനായി, മാന്യമായി കടം വാങ്ങാതെ പലിശക്കെടുക്കാതെ, പട്ടിണി കിടക്കാതിരിക്കാന്‍ സംഘടിച്ച, സമരം ചെയ്ത ഞങ്ങളെ ചില ആശുപത്രി ഗുണ്ടകള്‍ തല്ലിയിട്ടുണ്ട് ,കൈ കാലുകള്‍ ഓടിച്ചിട്ടുണ്ട്, കൊല്ലുമെന്ന് ഭീഷണി പെടുത്തിയിട്ടുണ്ട്, അപമാനിച്ചിട്ടുണ്ട്, അവഹേളിച്ചിട്ടുണ്ട്, അപവാദങ്ങള്‍ പെരുമഴ പോലെ തൊടുത്തു വിട്ടിട്ടുണ്ട് അപ്പോഴൊന്നും ഞങ്ങള്‍ തോറ്റു പോയിട്ടില്ലെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

“അടിച്ചമര്‍ത്തലുകളില്‍ നിസ്സഹായരായി നേഴ്സിങ് സമൂഹം പതിറ്റാണ്ടുകളോളം നിന്നപ്പോള്‍ എവിടെയായിരുന്നു താങ്കള്‍ ഉണ്ടായിരുന്നത്? അന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ ഉണ്ടായിരുന്നില്ലേ?. യു.എന്‍.എ ഉണ്ടാവുന്നതിനു മുന്‍പ് സാറും സാറിന്റെ പാര്‍ട്ടിയും നേഴ്സുമാര്‍ക്ക് വേണ്ടി എന്തെങ്കിലും സമരം നടത്തിയിരുന്നോ ? ഞങ്ങളുടെ സമരങ്ങളില്‍, പ്രസംഗിക്കാന്‍ മറ്റുള്ളവരെ പോലെ വന്നു എന്നല്ലാതെ എന്താണ് സാര്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തിട്ടുള്ളത്” പി.സി ജോര്‍ജ്ജിനോട് ജാസ്മിന്‍ ചോദിച്ചു.

Read Also : നരേന്ദ്ര മോദിക്കു പകരം ഗഡ്കരിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നു; അദ്ദേഹത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ഭയം തോന്നുന്നു: ശരദ് പവാര്‍

സാര്‍ പിരിച്ച കാശിനെ പറ്റിയും വാങ്ങിയ പൈസയെ പറ്റിയും ഞാനോ എന്റെ സഘടനയോ ഒരു സോഷ്യല്‍ ഓഡിറ്റിങ് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ എല്ലാ യോഗങ്ങളിലും വരവ് ചിലവ് കണക്കുകള്‍ ബോധിപ്പിക്കുന്ന, കൃത്യമായ ഓഡിറ്റിങ് ഉള്ള സംഘടനയാണ്. ഞങ്ങള്‍ക്ക് കിട്ടിയ സംഭാവനയും സഹായവും പരസ്യപ്പെടുത്താന്‍ ഞങ്ങള്‍ റെഡിയാണ്. സാറും സാറിന്റെ പാര്‍ട്ടിയും ആ മാതൃക പിന്തുടരുമോ ? അങ്ങനെയാണെങ്കില്‍ അത് ഗംഭീരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.“സ്വന്തം സംഘടനക്ക് പ്രത്യേകിച്ച് റോള്‍ ഒന്നും ഉണ്ടാവാതിരിക്കുമ്പോഴാണ് സാധാരണ ചിലര്‍ മറ്റു സംഘടനകളുടെ പറമ്പിലേക്ക് എത്തി നോക്കാറുള്ളത്. ഇത് എന്തായാലും അങ്ങനെയല്ല എന്ന് ആശ്വസിക്കുന്നു. കാരണം പി.സി ജോര്‍ജ് സാറും പാര്‍ട്ടിയും കേരളം മുഴുവന്‍ സാമൂഹ്യ വിപ്ലവം സൃഷ്ടിക്കാനുള്ള ഭഗീര പ്രയത്‌നത്തില്‍ ആണല്ലോ. അതിന്റെ വിശ്രമ സമയത്തു ഒരുല്ലാസത്തിനു വേണ്ടിയാണ് സാര്‍, എന്റെയും ഞങ്ങളുടെ സംഘടനയുടെയും മെക്കട്ട് കയറിയതെന്ന വിശ്വാസത്തോടെ, ആടിനെ പട്ടിയാക്കി ,പട്ടിയെ പേപ്പട്ടിയാക്കി തല്ലി കൊല്ലാന്‍ വെട്ടിയ വടികള്‍ സൂക്ഷിച്ചു വെക്കുക അതിനു വെച്ച് തരാന്‍ മാത്രം തലകള്‍ ഞങ്ങളുടെ കയ്യില്‍ തല്‍ക്കാലം ഇല്ല സാര്‍
കാലം ഇതിനെല്ലാം മറുപടി പറയും”. ജാസ്മിന്‍ ഷാ കൂട്ടിച്ചേര്‍ത്തു.