കൊല്ലം: എസ്.ഹരീഷിന്റെ മീശയെ കത്തിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കവി കുരീപ്പുഴ ശ്രീകുമാര്‍. കഥാഭാഗത്തിന്റെ ചെറുഭാഗം മാത്രം വായിച്ച് കൃതി കത്തിക്കാനും നിരോധിക്കാനും നടക്കുന്നവര്‍ തുണ്ട് മാത്രം കണ്ട് ശീലിച്ചവരാണെന്നും കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാത്തവരാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
കുണ്ടറ മുക്കടയില്‍ “നാടക്” മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : ഹിന്ദുത്വവാദികളുടെ ഭീഷണി; മാതൃഭൂമിയില്‍ പരസ്യം നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് ഭീമ ജ്വല്ലേര്‍സ്
നേരത്തെ മീശ നോവല്‍ കത്തിച്ച് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം നടന്നിരുന്നു. പുസ്തക പ്രസാധകരായ ഡിസി ബുക്‌സിന്റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് പുസ്തകം കത്തിച്ചത്.
സംഘപരിവാര്‍ ഭിഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍നിന്ന് പിന്‍വലിച്ച നോവല്‍ കഴിഞ്ഞ ദിവസമാണ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധികരിച്ച് കൊണ്ടിരിക്കെയാണ് സംഘപരിവാര്‍ ഭീഷണികളെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ചത്.
Read Also : മാതൃഭൂമിക്ക് പിന്തുണ, ഹൈന്ദവ തീവ്രവാദ ഭീഷണിക്ക് മാധ്യമ സ്വാതന്ത്ര്യം അടിയറവയ്ക്കരുത്
അതേസമയം നോവല്‍ പിന്‍വലിച്ചെങ്കിലും ഇപ്പോഴും മാതൃഭൂമിക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപക പ്രചരണമാണ് നടത്തുന്നത്. പത്രത്തിന് പരസ്യം നല്‍കുന്നവരെയടക്കം ഭീഷണിപ്പെടുത്തിയും പ്രചരണം നടത്തിയും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
അതിന്റെ ഭാഗമായി നേരത്തെ ഭീമ ജ്വല്ലറി മാതൃഭൂമിക്കുളള പരസ്യം പിന്‍വലിക്കുന്നതായി അറിയിച്ചിരുന്നു. മാതൃഭൂമി പത്രത്തില്‍ പരസ്യം നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുന്നു എന്നാണ് ഭീമ ജ്വല്ലേഴ്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഉപഭോക്താക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് പരസ്യം നല്‍കുന്നത് നിര്‍ത്തി വെയ്ക്കുന്നതെന്നാണ് ജ്വല്ലറി നല്‍കിയ ഔദ്യോഗിക വിശദീകരണം.
