മാതൃഭൂമിക്ക് പിന്തുണ, ഹൈന്ദവ തീവ്രവാദ ഭീഷണിക്ക് മാധ്യമ സ്വാതന്ത്ര്യം അടിയറവയ്ക്കരുത്
Editorial
മാതൃഭൂമിക്ക് പിന്തുണ, ഹൈന്ദവ തീവ്രവാദ ഭീഷണിക്ക് മാധ്യമ സ്വാതന്ത്ര്യം അടിയറവയ്ക്കരുത്
ശ്രീജിത്ത് ദിവാകരന്‍
Sunday, 5th August 2018, 1:31 pm

മാതൃഭൂമിക്ക് പിന്തുണ കൊടുക്കേണ്ട കാലമാണിത്. കേരളത്തിലെ ന്യൂനപക്ഷം വരുന്ന ഹൈന്ദവ വര്‍ഗ്ഗീയ വാദികള്‍, തീവ്രവാദികള്‍ മാതൃഭൂമി പത്രത്തിനെതിരെ നടത്തുന്ന പ്രചരണം അവര്‍ക്ക് പരസ്യം നല്‍കുന്നവരെ വരെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ചെറിയ ആള്‍ക്കൂട്ടത്തിന് പോലും കേരളം പോലുള്ള ഒരിടത്ത് വലിയ സ്ഥാപനങ്ങളെ വരെ ഭീഷണിപ്പെടുത്താന്‍ കഴിയുന്ന വിധത്തിലേയ്ക്ക് നമ്മുടെ സാമൂഹിക അന്തരീക്ഷം മാറുന്നുവെന്നത് ഖേദകരമാണ്. പരസ്യദാതാക്കളെ ഉപയോഗിച്ചുകൊണ്ട് മാധ്യമങ്ങളെ നിയന്ത്രിക്കാമെന്നുള്ള ദേശീയതലത്തിലുള്ള സംഘപരിവാര്‍ തന്ത്രം കേരളത്തില്‍ വിജയിക്കാതിരിക്കാന്‍ കൂടി മാതൃഭൂമിയെ പൂര്‍ണ്ണമായും പിന്തുണക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ മാതൃഭൂമിക്കുള്ള പങ്കു കൂടി പറയാതെ ഈ വിഷയത്തെ സമഗ്രമായി സമീപിക്കാനാവില്ല. എസ്.ഹരീഷിന്റെ “മീശ” എന്ന നോവലിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഹൈന്ദവ തീവ്രവാദികള്‍ ബഹളം വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പതിറ്റാണ്ടുകളുടെ പ്രസിദ്ധീകരണ പാരമ്പര്യമുള്ള മാതൃഭൂമി ഉറച്ച് നില്‍ക്കേണ്ടതായിരുന്നു. എഴുത്തുകാരനെ ധൈര്യപ്പെടുത്തി, എന്തു വില നല്‍കിയും എഴുത്തിന്റെ, ആവിഷ്‌കാരത്തിന്റെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ കൂടെ നില്‍ക്കും എന്ന് പ്രഖ്യാപിക്കേണ്ടതായിരുന്നു. മാതൃഭൂമി ഇക്കാര്യത്തിലെടുത്ത ദുര്‍ബല നിലപാട് കൊണ്ട് കൂടിയാണ് എഴുത്തുകാരന് “മീശ” പിന്‍വലിക്കേണ്ടി വന്നതും തീവ്രവാദികള്‍ക്ക് അവരുടെ ഭീഷണി ഫലിച്ചുവെന്ന തോന്നലുണ്ടായതും.

ചരിത്രപരമായി ഇത്തരം ഹൈന്ദവ തീവ്രവാദ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ ഇടം നല്‍കിയ മുഖ്യധാര മാധ്യമം കൂടിയാണ് “മാതൃഭൂമി”യെന്ന വസ്തുതയും മറിച്ചുവയ്ക്കാനിവില്ല. ആര്‍.എസ്.എസിനെ സാംസ്‌കാരിക സംഘടനയായി പ്രതിഷ്ഠിച്ചും ബി.ജെ.പിക്ക് എല്ലാക്കാലത്തും അര്‍ഹിക്കുന്നതിലധികം പ്രാധാന്യം നല്‍കിയും ആള്‍ദൈവങ്ങളേയും ഹൈന്ദവ മൗലികവാദങ്ങളേയും പ്രോത്സാഹിപ്പിച്ചും ഹൈന്ദവ പത്രമായി നിലനില്‍ക്കാനുള്ള മാതൃഭൂമിയുടെ ശ്രമം ഈ തീവ്രവാദ ആശയങ്ങള്‍ക്ക് ചെറുതല്ലാതെ വളക്കൂറുണ്ടാക്കി കൊടുത്തിട്ടുണ്ട്. ബാബ്രിപള്ളി ഹൈന്ദവ തീവ്രവാദികള്‍, ആര്‍.എസ്.എസ് സംഘടനകള്‍ തകര്‍ത്തപ്പോള്‍ “തര്‍ക്കമന്ദിരം ഭാഗികമായി തകര്‍ക്കപ്പെട്ടു” എന്ന തലക്കെട്ട് നല്‍കിയത് കേരള മാധ്യമ ചരിത്രത്തിലെ ഏറ്റവും ദുരന്ത മുഹൂര്‍ത്തങ്ങളിലൊന്നാണെന്നും ഓര്‍ക്കുമല്ലോ.

അഥവാ “മാതൃഭൂമി” അടക്കം മുഖ്യാധാരയില്‍ പെട്ട എല്ലാ ശക്തികളും- അതില്‍ മാധ്യമങ്ങളും പാര്‍ട്ടികളും സംഘടന സംവിധാനങ്ങളും വ്യവസായവും എല്ലാം ഉള്‍പ്പെടും- ചേര്‍ന്ന് വളര്‍ത്തിയ ദുഷ്ടശക്തികളാണ് ഇന്ന് ആവിഷ്‌കാര സ്വാതന്ത്രത്തെ ചവിട്ട് മെതിച്ചുകൊണ്ട്, സാമൂഹ്യ അന്തരീക്ഷത്തെ വിഷമയമാക്കിക്കൊണ്ട്, മതേതര നിലപാടുകളെ തകര്‍ത്തുകൊണ്ട് വിഹരിക്കുന്നത്. ഭീമ പോലെ ഏതാണ്ടൊരു നൂറ്റാണ്ടിന്റെ കച്ചവട പാരമ്പര്യമുള്ള ഒരു സ്ഥാപനം ഈ ശക്തികളുടെ ഭീഷണിക്ക് മുന്നില്‍ അടിയറ പറയുന്നത് ലജ്ജാകരമാണ്. സംഘപരിവാറിന് അടിയറ പറയുക എന്ന നിലപാടില്‍ നിന്ന് ഭീമ ജ്വല്ലറി പിന്നാക്കം പോകണം. ഒരു സ്ഥാപനത്തിന്റെ പരസ്യ നയങ്ങളെ സ്വാധീനിക്കാന്‍ ആ നാട്ടിലെ ഒരു തീവ്രവാദ സംഘത്തിന് ആകുന്നുണ്ടെന്ന കാര്യം ഭരണകൂടത്തിന്റെ വര്‍ദ്ധിച്ച ജാഗ്രതയുടെ കൂടി ആവശ്യപ്പെടുന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന ഫാഷിസ്റ്റ് അധികാരക്രമത്തിന്റെ ചുവട് പിടിച്ച്, കേരളത്തില്‍ വായനക്കാരുടെ, എഴുത്തുകാരുടെ, സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഭീഷണിപ്പെടുത്തുക എന്ന തന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്. കേരളത്തിലെ ഏറ്റവും വലിയ മാധ്യമസ്ഥാപനങ്ങളിലൊന്നിനെ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് ഈ ശ്രമം. അഥവാ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും അച്ചടിച്ച് പോകരുത് എന്ന കല്പന. അതിനിപ്പോള്‍ വഴങ്ങിക്കൊടുത്താല്‍ ഏകാധിപത്യങ്ങള്‍ക്ക് മുന്നില്‍ മുട്ട് കുത്തി അടിയറ പറയുന്ന അവസ്ഥയായി മാറും. അതുകൊണ്ട് തന്നെ സംഘപരിവാറിന് പുറകെ ഭീമ ജ്വല്ലറിയും കൈകൊണ്ടിട്ടുള്ള ഭീഷണികളില്‍ മാതൃഭൂമി തോറ്റുപോകരുത്. പരസ്യദാതാക്കളായ മറ്റ് സ്ഥാപനങ്ങളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി ഓടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കണം.

ഈ സാഹചര്യത്തില്‍ കേരളത്തിലെ പുരോഗമ രാഷ്ട്രീയവും സ്വതന്ത്ര മാധ്യമങ്ങളും “മാതൃഭൂമി”ക്ക് പുറകെ ഉണ്ടാകും. ചെറു മാധ്യമങ്ങളേയും പുരോഗമ രാഷ്ട്രീയത്തേയും ചവിട്ടിയരയ്ക്കാന്‍ “മാതൃഭൂമി”യുടെ സഖ്യകക്ഷിയായിരുന്ന മൂത്ത മുത്തശ്ശി പത്രം “മലയാള മനോരമ” സ്വാഭാവികമായും പിന്തുണയ്ക്കാന്‍ ഉണ്ടാകില്ല. അവര്‍ ഈ രാഷ്ട്രീയസാഹചര്യം അവരുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കാനുള്ള അവസരമായി മാത്രമേ കണക്കാക്കുകയുള്ളൂ. അതിന് വേണ്ടി ഫാഷിസത്തിന്റെ കുഴലൂതാലും മടിയുമുണ്ടാകില്ല. ചരിത്രം അതാണ്. ഇപ്പോള്‍ “മാതൃഭൂമി” നേരിടുന്ന ഹേറ്റ് കാമ്പയിന്‍ നേരിടാന്‍ പുരോഗമന ശക്തികളും സ്വതന്ത്ര മാധ്യമങ്ങളും മുന്നോട്ട് വരുന്നത് അത് തങ്ങളുടെ നിലനില്‍പ്പിന്റെ കൂടി അനിവാര്യതയായത് കൊണ്ടാണ്. അതുകൊണ്ട് മാതൃഭൂമിയെ പിന്തുണയ്ക്കുമ്പോള്‍ ഈ നാട്ടിലെ ജനാധിപത്യ വ്യവസ്ഥയെയെ ആണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. “മാതൃഭൂമി” പോലുള്ള വലിയ പ്രസിദ്ധീകരണങ്ങളെ ഭീഷണിപ്പെടുത്താന്‍ ശേഷിയുള്ളവര്‍ ഞങ്ങളുടേത് പോലെ ചെറിയ, സ്വതന്ത്ര്യ സ്ഥാപനങ്ങളെ ആക്രമിക്കാന്‍ മടിക്കില്ലന്നറിഞ്ഞിട്ട് തന്നെയാണിത്.

ആവിഷ്‌കാര സ്വാതന്ത്ര്യം, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എന്നിവ ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യങ്ങളാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും കൊടും നുണകള്‍ പറഞ്ഞു പരത്തിയുമാണ് ന്യൂനപക്ഷം വരുന്ന തീവ്രവാദികള്‍ തങ്ങളുടെ തങ്ങളുടെ അക്രമാസക്ത ആള്‍ക്കൂട്ടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിക്കുന്നത്. മതവിശ്വാസത്തെ ഹനിക്കാനാണ് ഇതര കക്ഷികള്‍ ശ്രമിക്കുന്നതെന്നാണ് ഈ പ്രചരണം. സമൂഹത്തില്‍ മതസംഘര്‍ഷം ഉണ്ടാക്കാന്‍ പോന്നതരത്തിലുള്ള ഈ പ്രചരണങ്ങള്‍ നടത്തുന്നവരെ, ഗൗരവമുള്ള കുറ്റമായി കണ്ട് സര്‍ക്കാര്‍ നിയമപരമായി നേരിടണം. സംഘപരിവാറിന്റെ ചൊല്‍പ്പടിയിലേയ്ക്ക് കേരള സമൂഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഒതുക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കണം.

ശ്രീജിത്ത് ദിവാകരന്‍
ഡൂള്‍ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.