കേരളത്തിലെ തണുപ്പ് അത്രയ്ക്ക് റൊമാന്റിക്കല്ല
Environment
കേരളത്തിലെ തണുപ്പ് അത്രയ്ക്ക് റൊമാന്റിക്കല്ല
ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 1:37 pm

ഡോ. എസ്. അഭിലാഷ്

ആഗോളതാപനം മുഖ്യചര്‍ച്ചയാവുന്ന ഈ അവസരത്തില്‍ താപനിലയില്‍ ഇപ്പോഴുണ്ടാവുന്ന കുറവ് അത്ഭുതമായാണ് പൊതുവെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില, താഴ്ന്ന ശരാശരിയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവാണ് രേഖപ്പെടുത്തിയത്. പല ഹൈറേഞ്ച് മേഖലയിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറവായിരുന്നു.
ശൈത്യകാലത്ത് താഴ്ന്ന താപനിലയുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ സ്വാഭാവിക കാലാവസ്ഥ ചംക്രമണത്തില്‍ ദൃശ്യമാകാറുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.

ഇപ്പോള്‍ അനുഭവപ്പെടുന്ന തണുപ്പ് പ്രധാനമായും ഉത്തരധ്രുവത്തിലെ ആര്‍ട്ടിക്ക് പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് പത്ത് മുതല്‍ അന്‍പത് കിലോ മീറ്റര്‍ വരെ ഉയരത്തിലുള്ള അന്തരീക്ഷപാളിയായ സ്ട്രാറ്റോസ്ഫിയര്‍, ദ്രുതഗതിയില്‍ ചൂട് പിടിക്കുന്ന “”സഡണ്‍ സ്ട്രാറ്റോസ്ഫിയര്‍ വാര്‍മിംഗ്” എന്ന പ്രതിഭാസവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

ഉത്തരധ്രുവത്തില്‍ ആര്‍ട്ടിക്കിന് മുകളിലാിയി പോളാര്‍ നൈറ്റ് ജെറ്റ് എന്നറിയപ്പെടുന്ന, പടിഞ്ഞാറുനിന്നും കിഴക്കോട്ട് വീശുന്ന അതിശക്തമായ വായു പ്രവാഹം, ശൈത്യകാലത്ത് ദൃശ്യമാണ്. ധ്രുവപ്രദേശത്ത് സ്ട്രാറ്റോസ്ഫിയറില്‍ കാണുന്ന “സ്ട്രാറ്റോസ്ഫിയര്‍ പോളാര്‍ വോര്‍ട്ടെക്സ് “എന്നറിയപ്പെടുന്ന ചംക്രമണം അന്തരീക്ഷത്തില്‍ ഒരു മതിലുപോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ വടക്കന്‍ ധ്രുവപ്രദേശത്തിലുള്ള തണുത്ത ആര്‍ട്ടിക് വായു തെക്കുള്ള ചൂട് കൂടിയ മധ്യമേഖല ഉഷ്ണമേഖല പ്രദേശത്തെ വായുവുമായി കലരാതെ തടഞ്ഞുനിര്‍ത്തുന്നു.

ചില അവസരങ്ങളില്‍ ഈ പോളാര്‍ നൈറ്റ് ജെറ്റില്‍ വലിയ ദൈര്‍ഘ്യമുള്ള തരംഗങ്ങള്‍ ഉണ്ടാവുകയും പോളാര്‍ വോര്‍ട്ടെക്സില്‍ പല ഭാഗങ്ങളിലായി വിള്ളലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് വഴി സ്ട്രാറ്റോസ്ഫിയറിലെ വായുപ്രവാഹം ശക്തി ക്ഷയിച്ച് ഞെരുങ്ങുകയും വായു സങ്കോചിച്ച് ദ്രുതഗതിയില്‍ ചൂടുപിടിക്കുകയും ചെയ്യുന്നു. ഇത്തരം അവസരങ്ങളില്‍ സ്ട്രാറ്റോസ്ഫിയറിലെ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുവാനുള്ള സാധ്യതയാണ് ഉള്ളത്.

ഇങ്ങനെ സ്ട്രാറ്റോസ്ഫിയര്‍ ദ്രുതഗതിയില്‍ വളരെയധികം ചൂടാകുമ്പോള്‍ സ്വാഭാവികമായും പടിഞ്ഞാറുനിന്നും കിഴക്കോട്ട് പ്രവഹിക്കുന്ന വായു പ്രവാഹം ശക്തി കുറയുകയും ചില അവസരങ്ങളില്‍ അതിന്റെ ദിശ തിരിഞ്ഞ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള പ്രവാഹമായ് പരിണമിക്കുകയും ചെയ്യുന്നു. ഇതിനോടനുബന്ധിച്ച് ശക്തി കുറഞ്ഞ പോളാര്‍ വോര്‍ട്ടെക്സിലെ വിടവിലൂടെ ആര്‍ട്ടിക് പ്രദേശത്തുള്ള തണുത്ത വായു തെക്കോട്ട് സഞ്ചരിച്ച് മധ്യമേഖല-ഉഷ്ണമേഖല പ്രദേശങ്ങളില്‍ വരെയെത്തുകയും ഈ പ്രദേശങ്ങളിലെ താപനിലയില്‍ കുറവുണ്ടാവുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള ഒരു എസ്.എസ്.ഡബ്ല്യു പ്രതിഭാസം 2018 ഡിസംബര്‍ മധ്യത്തില്‍ ആരംഭിക്കുകയും ഡിസംബര്‍ നാലാം ആഴ്ച്ചയില്‍ അതിന്റെ പാരമ്യത്തില്‍ എത്തുകയും ആര്‍ട്ടിക്ക് സ്ട്രാറ്റോസ്ഫിയറില്‍ ശരാശരി താപനില മുപ്പത് മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നതിന് കാരണമാവുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് സ്ട്രാറ്റോസ്ഫിയറിലെ പടിഞ്ഞാറന്‍ കാറ്റ് കിഴക്കന്‍ കാറ്റായ് പരിണമിക്കുകയും ചെയ്തത് കാണാന്‍ സാധിക്കും. ഈ പ്രതിഭാസം ക്രമേണ ശക്തി കുറഞ്ഞ് ജനുവരി രണ്ടാം ആഴ്ച്ചവരെ നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.

2018 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഇത്തരം എസ്.എസ്.ഡബ്ല്യു ഉണ്ടാവുകയും യൂറോപ്പിന്റെ പലഭാഗങ്ങളിലും അതിതീവ്രമായ ശൈത്യകാലവും കനത്ത മഞ്ഞ് വീഴ്ച്ചയും ഉണ്ടാവുകയും ധാരാളം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ആഗോളതാപനത്തിന്റെ ഭാഗമായി ആര്‍ട്ടിക്കിലെയും ഗ്രീന്‍ലാന്റിലെയും മഞ്ഞ് അതിതീവ്രമായി ഉരുകുകയും എസ്.എസ്.ഡബ്ല്യു ഉണ്ടാവുന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നതായി പഠനങ്ങള്‍ വിലയിരുത്തുന്നു. ആയതിനാല്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ ഇതുവഴി അനുഭവപ്പെടുന്ന ശരാശരിയിലധികം തണുത്ത കാലാവസ്ഥയ്ക്ക് ആഗോളതാപനവുമായും കാലാവസ്ഥാ വ്യതിയാനവുമായും പരോക്ഷമായി ബന്ധമുണ്ടെന്നുവേണം കരുതാന്‍.

ഇതോടൊപ്പെം തന്നെ മധ്യമേഖലാ പ്രദേശമായ തെക്ക് കിഴക്കന്‍ യൂറോപ്പിലെയും മെഡിറ്ററേനിയനിലെയും പ്രദേശങ്ങളില്‍ നിന്നും ആരംഭിക്കുന്ന വെസ്റ്റേണ്‍ ഡിസ്റ്റേര്‍ബന്‍സിന്റെ ഭാഗമായ പടിഞ്ഞാറന്‍ ശൈത്യതരംഗങ്ങള്‍ ഇന്ത്യയുടെ മധ്യഭാഗത്തേക്കും തെക്കന്‍ ഭാഗത്തേക്കും വ്യാപിക്കുന്നത് തെക്കന്‍ ഇന്ത്യയില്‍ തണുപ്പ് കൂടുവാന്‍ കാരണമായി.

വടക്കന്‍ ശൈത്യതരംഗങ്ങള്‍ തെക്കന്‍ ഇന്ത്യയിലേക്കും ഭൂമധ്യരേഖപ്രദേശത്തേക്കും തള്ളുന്നത് പോളാര്‍വോര്‍ട്ടെക്സില്‍ വിള്ളല്‍ വീഴുന്ന പ്രതിഭാസമായും എസ്.എസ്.ഡബ്ല്യൂവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ അതിതീവ്രമായ ശൈത്യത്തിന് ധ്രുവമേഖലകളില്‍ സംഭവിക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളുമായി വളരെയധികം ബന്ധമാണുള്ളത്.

ഇതോടൊപ്പം തെക്കന്‍ ഇന്ത്യയില്‍ അന്തരീക്ഷത്തിലെ ആര്‍ദ്രത കുറഞ്ഞതും മേഘങ്ങള്‍ കുറഞ്ഞതും രാത്രി താപനില കൂടുതല്‍ കുറയുന്നതിനും പകല്‍ താപനില ഉയര്‍ന്നു നില്‍ക്കുവാനും കാരണമായി. താപനിലയിലുണ്ടാകുന്ന ഈ വലിയ അന്തരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുകയും കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കുന്നു.

സമീപകാലത്തുണ്ടായ അഗ്‌നി പര്‍വ്വതസ്ഫോടനങ്ങളെയും തള്ളിക്കളയാന്‍ കഴിയില്ല. അഗ്‌നി പര്‍വ്വതസ്‌ഫോടനങ്ങളുട ഫലമായി പുറന്തള്ളുന്ന വാതകങ്ങളും പൊടിപടലങ്ങളും സൂര്യപ്രകാശം ഭൗമോപരിതലത്തില്‍ എത്തുന്നത് തടയുന്നതിനാല്‍ ഭൗമോപരിതല താപനില കുറയാന്‍ കാരണമാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ശരാശരി ഉയര്‍ന്ന താപനിലയില്‍ വ്യതിയാനം ഇല്ലാത്തതിനാല്‍ അഗ്‌നിപര്‍വ്വതസ്ഫോടനങ്ങളുടെ പങ്കിനെപറ്റി വിശദമായ പഠനം ആവശ്യമാണ്.