ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം; മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന പ്രസ്താവനയ്‌ക്കെതിരെ ആര്‍.വി ബാബു
Kerala
ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം; മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന പ്രസ്താവനയ്‌ക്കെതിരെ ആര്‍.വി ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st August 2025, 2:02 pm

തിരുവനന്തപുരം: മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ആര്‍.എസ്.എസ് നേതാവ് ആര്‍.വി ബാബു.

ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണമെന്നായിരുന്നു ആര്‍.വി ബാബു പറഞ്ഞത്. 11 സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മതപരിവര്‍ത്തന നിയമം പിന്‍വലിക്കണമെന്ന പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണെന്നും ആര്‍.വി ബാബു പറഞ്ഞു.

ക്രൈസ്തവ സഭകള്‍ ഈ നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ക്രൈസ്തവ സഭകള്‍ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിന്റെ മറവില്‍ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 1967 മുതല്‍ മതപരിവര്‍ത്തന നിയമങ്ങള്‍ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്.

മതം മാറ്റക്കാര്യത്തില്‍ സഭകള്‍ക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓര്‍മ്മിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പോലും മതം മാറ്റം നിരോധിക്കണമെന്ന് പറഞ്ഞത്.

ദാരിദ്ര്യം ദൈവത്തിന്റെ വരദാനമാണെന്നും അത് വഴി ദരിദ്രരരെ ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും പറഞ്ഞത് മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റര്‍ നിര്‍മ്മലയായിരുന്നു.

2000-ാമാണ്ടോടെ ലോകത്തെ സുവിശേഷവല്‍ക്കരിക്കാന്‍ ജ്യോഷ്യാ ഒന്ന്, ജ്യോഷ്യോ 2 എന്നിങ്ങനെ പ്രഖ്യാപിച്ച് വിദേശഫണ്ടിന്റെ സഹായത്തോടെ വന്‍ മതപരിവര്‍ത്തന പദ്ധതികള്‍ തയ്യാറാക്കിയത് world Council of Churches ആയിരുന്നു.

മതം മാറ്റത്തെ കുറിച്ചുള്ള ഒരു കേസില്‍ മതം പ്രചരിപ്പിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 നല്‍കുന്ന സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് 1978 ല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലും മതം മാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം കേരള സര്‍ക്കാര്‍ നടപ്പാക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്,’ എന്നായിരുന്നു ആര്‍.വി ബാബു പറഞ്ഞത്.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കവേയായിരുന്നു മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന ആവശ്യം പാംപ്ലാനി ഉന്നയിച്ചത്.

കേക്കും ലഡുവും തന്നതുകൊണ്ട് സുവിശേഷത്തിന്റെ ആദര്‍ശം മറന്നെന്ന് കരുതരുതെന്നും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന കിരാതത്വം തിരിച്ചറിയുമെന്നും പാംപ്ലാനി പറഞ്ഞിരുന്നു.

തെറ്റിനെ തെറ്റെന്നും തെമ്മാടിത്തത്തെ തെമ്മാടിത്തമെന്നും വിളിക്കാനുള്ള ആര്‍ജവം തങ്ങളാര്‍ക്കും പണയം വെച്ചിട്ടില്ല. അത് എല്ലാ നേതാക്കളും മനസിലാക്കുന്നത് നല്ലതാണ്.

ന്യൂനപക്ഷമാണെന്ന് കരുതി എഴുതിത്തള്ളുന്ന നടപടി ശരിയല്ല. മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണം. ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മുതല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനാ ലംഘനമാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ട്. പതിനൊന്ന് സംസ്ഥാനങ്ങള്‍ ഈ നിയമം പാസാക്കി.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആണോയെന്ന് തീരുമാനിക്കുന്നത് കാപാലിക സംഘം. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ന്യൂനപക്ഷങ്ങളോട് കരുതലുണ്ടെങ്കില്‍ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാന്‍ തയ്യാറാകണം,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്.

Content Highlight: RV Babu opposes bishop joseph pamplanys demand to repeal the religious conversion-law