ജ്ഞാനവേലിനൊപ്പം കൈകോര്‍ക്കാന്‍ മോഹന്‍ലാല്‍, ഇത്തവണ വരുന്നത് ദോശ രാജാവിന്റെ കഥയുമായി
Indian Cinema
ജ്ഞാനവേലിനൊപ്പം കൈകോര്‍ക്കാന്‍ മോഹന്‍ലാല്‍, ഇത്തവണ വരുന്നത് ദോശ രാജാവിന്റെ കഥയുമായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th September 2025, 4:34 pm

ജേര്‍ണലിസത്തില്‍ നിന്ന് സിനിമാലോകത്തേക്കെത്തിയ ആളാണ് ടി.ജെ. ജ്ഞാനവേല്‍. അസിസ്റ്റന്റ് ഡയറക്ടറായും തിരക്കഥാകൃത്തായും സിനിമാജീവിതമാരംഭിച്ച ജ്ഞാനവേല്‍ കൂട്ടത്തില്‍ ഒരുത്തന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ലിജോമോള്‍, മണികണ്ഠന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ജയ് ഭീം ഇന്ത്യയൊട്ടുക്ക് ശ്രദ്ധിക്കപ്പെട്ടു.

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ഒരുക്കിയ വേട്ടൈയനും പ്രമേയത്താല്‍ ശ്രദ്ധയാകര്‍ഷിച്ചു. യഥാര്‍ത്ഥ സംഭവങ്ങളെ പ്രേക്ഷകരിലേക്ക് സിനിമാരൂപത്തിലെത്തിക്കുന്ന ജ്ഞാനവേലിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തമിഴ്‌നാടിനെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ കഥ ജ്ഞാനവേല്‍ സിനിമയാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശരവണ ഭവന്‍ എന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി. രാജഗോപാലിന്റെ കഥയാണ് ഇത്തവണ ടി.ജെ. ജ്ഞാനവേല്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത് എന്നാണ് റൂമറുകള്‍. നായകനായി മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എത്തിയേക്കുമെന്നും കേള്‍ക്കുന്നുണ്ട്. മോഹന്‍ലാലിനോട് കഥ പറഞ്ഞെന്നും ബാക്കി കാര്യങ്ങള്‍ വഴിയേ അറിയുമെന്നുമാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട് മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ശരവണ ഭവന്‍ എന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമ രാജഗോപാല്‍ 2001ലാണ് തന്റെ മാനേജര്‍ ശാന്തകുമാറിനെ കൊല്ലുന്നത്. ജ്യോത്സ്യന്റെ വാക്ക് കേട്ട് ശാന്തകുമാറിന്റെ പങ്കാളിയെ വിവാഹം ചെയ്യാന്‍ രാജഗോപാല്‍ ശ്രമിക്കുകയും ഇതിന് തടസം നിന്ന ശാന്തകുമാറിനെ ശ്വാസംമുട്ടിച്ച കൊലപ്പെടുത്തുകയുമായിരുന്നു.

2009ല്‍ രാജഗോപാലിനെ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം ജയിലില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നും ശരവണ ഭവനും രാജഗോപാലിന്റെ അന്ധവിശ്വാസവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഇത്തരമൊരു കഥ തമിഴില്‍ സിനിമയാകുമ്പോള്‍ അത് സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ചിത്രത്തില്‍ മോഹന്‍ലാല്‍ മികച്ചൊരു കഥാപാത്രത്തെ തന്നെയാകും അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷ. ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി കേട്ട പഴികള്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കി തന്റെ സിംഹാസനം വീണ്ടെടുത്തിരിക്കുകയാണ്. മികച്ച സിനിമകളുടെ ഭാഗമാകുന്ന മോഹന്‍ലാല്‍ ജ്ഞാനവേലുമായി ഒന്നിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പുറത്തുവരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Rumors that T J Gnanavel collaborating with Mohanlal based on a real incident