തമിഴിലെ സംവിധായകരെ വേണ്ടേ, മൂന്നാമതും അന്യഭാഷാ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ സൂര്യ?
Indian Cinema
തമിഴിലെ സംവിധായകരെ വേണ്ടേ, മൂന്നാമതും അന്യഭാഷാ സംവിധായകനൊപ്പം കൈകോര്‍ക്കാന്‍ സൂര്യ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th November 2025, 8:43 am

മികച്ച നടനാണെന്ന് പലരും പുകഴ്ത്തുമ്പോഴും 10 വര്‍ഷത്തിലധികമായി ബോക്‌സ് ഓഫീസില്‍ വലിയൊരു ഹിറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് തമിഴ് താരം സൂര്യ. വന്‍ ഹൈപ്പിലെത്തുന്ന സിനിമകള്‍ പലതും പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് താരത്തിന് തിരിച്ചടിയാകുന്നത്. ഒരുപാട് സമയമെടുത്ത് ചെയ്യുന്ന പ്രൊജക്ടുകള്‍ക്ക് പകരം വര്‍ഷത്തില്‍ രണ്ട് സിനിമ എന്ന രീതിയില്‍ മുന്നോട്ടുപോകാനാണ് സൂര്യ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്.

റിലീസിന് തയാറെടുക്കുന്ന കറുപ്പ് എന്ന ചിത്രത്തിന് പുറമെ മറ്റ് സിനിമകളുടെ തിരക്കിലാണ് നിലവില്‍ സൂര്യ. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി ഒരുക്കുന്ന സൂര്യ 46ന്റെ ഷൂട്ട് പകുതിയായിരിക്കുകയാണ്. ജിത്തു മാധവനൊപ്പം സൂര്യ കൈകോര്‍ക്കുന്നു എന്ന റൂമറുകള്‍ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഏറെക്കുറെ ഉറപ്പായ ഈ പ്രൊജക്ട് ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെങ്കി അട്‌ലൂരിക്കും ജിത്തു മാധവനും പുറമെ മറ്റൊരു അന്യഭാഷാ സംവിധായകനുമായി സൂര്യ കൈകോര്‍ക്കാനൊരുങ്ങുന്നു എന്നാണ് പുതിയ വിവരം. തെലുങ്കില്‍ നിലവില്‍ ശ്രദ്ധേയനായ വിവേക് ആത്രേയയോടൊപ്പമാണ് സൂര്യ അടുത്തതായി കൈകോര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോമഡി സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച വിവേക് ആത്രേയ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ സരിപ്പോദ ശനിവാരത്തിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ചിരുന്നു. നാനി നായകനായ ആക്ഷന്‍ ത്രില്ലര്‍ 100 കോടിക്കു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. വിവേകും സൂര്യയും തമ്മിലുള്ള പ്രൊജക്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.

തമിഴിലെ സംവിധായകരുമായി അടുത്തെങ്ങും താരം കൈകോര്‍ക്കില്ലെന്നാണ് ചില സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാടിവാസല്‍ ഉപേക്ഷിച്ച മട്ടാണ്. തമിഴിലെ പല മുന്‍നിര സംവിധായകരും ഇപ്പോള്‍ ഫോമിലല്ലാത്തതും ഇതിന് കാരണമാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് അവാസനഘട്ട വര്‍ക്കുകളിലാണ്. ജനുവരിയില്‍ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46ന്റെ ഫോറിന്‍ ഷൂട്ട് ഈ മാസം അവസാനിക്കും. അടുത്ത മാസം പകുതിയോടെ ജിത്തു മാധവന്റെ ചിത്രത്തില്‍ താരം ജോയിന്‍ ചെയ്യുമെന്നാണ് വിവരം. നസ്രിയ, നസ്‌ലെന്‍ എന്നിവരും ഈ പ്രൊജക്ടിന്റെ ഭാഗമായേക്കും.

Content Highlight: Rumors that Suriya will joining hands with Vivek Athreya