ഏഴ് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് വട ചെന്നൈ 2. ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി പ്രശംസകളേറ്റുവാങ്ങിയിരുന്നു. ധനുഷിന് പുറമെ സമുദ്രക്കനി, ആന്‍ഡ്രിയ, അമീര്‍ തുടങ്ങി വന്‍ താരനിര വട ചെന്നൈയില്‍ അണിനിരന്നിരുന്നു. രണ്ടാം ഭാഗത്തിന് സാധ്യത നല്‍കിയാണ് ചിത്രം അവസാനിച്ചത്.
എന്നാല്‍ ഏഴ് വര്‍ഷത്തിനിപ്പുറം ചിത്രത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇതിനിടയില്‍ മൂന്ന് ചിത്രങ്ങള്‍ വെട്രിമാരന്‍ അണിയിച്ചൊരുക്കിയിരുന്നു. വിടുതലൈ എന്ന ചിത്രത്തിനായി നാല് വര്‍ഷത്തോളം അദ്ദേഹം മാറ്റിവെക്കുകയും ചെയ്തു. ഇതിനിടയില്‍ വെട്രിമാരന്‍ അനൗണ്‍സ് ചെയ്ത വാടിവാസല്‍ എന്ന ചിത്രം ഏറെക്കുറേ ഉപേക്ഷിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നു.
നിലവില്‍ സിലമ്പരസനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കിലാണ് വെട്രിമാരന്‍. ചെന്നൈയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുകയും ചെയ്തു. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റൂമറുകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. വട ചെന്നൈയുടെ അതേ യൂണിവേഴ്‌സില്‍ നടക്കുന്ന കഥയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നോര്‍ത്ത് മദ്രാസിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് ഇതെന്ന് പുറത്തുവരുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ചിത്രം വട ചെന്നൈയുടെ സ്പിന്‍ ഓഫാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. തമിഴിലെ പ്രശസ്ത സിനിമാപേജായ വലൈ പേച്ച് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമീര്‍ അവതരിപ്പിച്ച രാജന്‍ എന്ന കഥാപാത്രത്തിന്റെ ഗ്യാങ്ങിലെ അംഗത്തിന്റെ കഥയാണ് ഇതെന്നാണ് റൂമറുകള്‍. ശക്തമായ കഥാപാത്രത്തെയാണ് എസ്.ടി.ആര്‍ അവതരിപ്പിക്കുന്നത്. വടചെന്നൈ 2വില്‍ ധനുഷും എസ്.ടി.ആറും ഒന്നിച്ച് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നുണ്ട്.
നിലവില്‍ നാലോളം സിനിമകളാണ് എസ്.ടി.ആര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദെസിങ്ക് പെരിയസാമി സംവിധാനം ചെയ്യുന്ന എസ്.ടി.ആര്‍ 48, അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന എസ്.ടി.ആര്‍ 50 എന്നീ ചിത്രങ്ങളുടെ വര്‍ക്കുകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Rumors that Silambarasan Vetrimaran project might be a spin off to Vada Chennai