ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് ഷാരൂഖ് ഖാന്‍. ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന കിങ് ഖാന്‍ തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ സിനിമയില്‍ നിന്ന് വലിയ ഇടവേളെയടുത്തിരുന്നു. തിരിച്ചുവരവില്‍ മൂന്ന് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കി തന്റെ താരസിംഹാസനം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഡങ്കിയുടെ വിജയത്തിന് ശേഷം താരത്തിന്റെ സിനിമകളെക്കുറിച്ച് വലിയ അപ്‌ഡേറ്റുകളില്ലായിരുന്നു.
ഇപ്പോഴിതാ തെലുങ്കിലെ മുന്‍നിര സംവിധായകനായ സുകുമാറിനൊപ്പം ബോളിവുഡ് ബാദ്ഷ കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലടക്കം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ പുഷ്പ 2വിന് ശേഷം സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. പുഷ്പയുടെ നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നതെന്നും കേള്‍ക്കുന്നു.
മൂന്നാം ഭാഗത്തിന് സാധ്യത തുറന്നുവെച്ചാണ് പുഷ്പ 2 അവസാനിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷത്തോളം പുഷ്പയുടെ രണ്ട് ഭാഗങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച അല്ലു അര്‍ജുന്‍ അടുത്തൊന്നും മൂന്നാം ഭാഗത്തിന് തയാറാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അറ്റ്‌ലീയൊടൊപ്പമുള്ള പ്രൊജക്ടിന്റെ തിരക്കിലാണ് അല്ലു അര്‍ജുന്‍. ഇക്കാരണം കൊണ്ടാണ് സുകുമാര്‍ അടുത്ത പ്രൊജക്ടിലേക്ക് കടന്നതെന്നാണ് അഭ്യൂഹങ്ങള്‍.
തന്റെ സ്ഥിരം ശൈലിയില്‍ റൂറല്‍ ആക്ഷന്‍ ഡ്രാമയാകും സുകുമാര്‍ – ഷാരൂഖ് പ്രൊജക്ട് എന്നാണ് കേള്‍ക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ മറ്റ് താരങ്ങള്‍ ആരായിരിക്കുമെന്ന് അറിയിച്ചിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെയാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുകയെന്നും കേള്‍ക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെയുണ്ടാകും.
നിലവില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ്ങിന്റെ തിരക്കിലാണ് ഷാരൂഖ് ഖാന്‍. ചിത്രത്തിന്റെ ഷൂട്ട് പകുതിയായെന്നും 2026 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നും കരുതുന്നു. വന്‍ താരനിരയാണ് കിങ്ങില്‍ അണിനിരക്കുന്നത്. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ദീപിക പദുകോണ്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാനും വേഷമിടുന്നുണ്ട്.
ഫ്രഞ്ച് ചിത്രം ലിയോണ്‍ ദി പ്രൊഫഷണലിന്റെ റീമേക്കായാണ് കിങ് ഒരുങ്ങുന്നത്. ഒരു പ്രൊഫഷണല്‍ അസാസിന് കുടുംബം നഷ്ടമായ കുട്ടിയോട് തോന്നുന്ന കരുതലും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളും കാണിച്ച സിനിമയാണ് ലിയോണ്‍. ഇന്ത്യന്‍ പശ്ചാത്തലത്തിനനുസരിച്ച മാറ്റങ്ങളോടെയാകും കിങ് ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Rumors that Shah Rukh Khan might joining hands with Sukumar