എ.ആര്‍.എമ്മിന് മേലെ നില്‍ക്കുമോ അടുത്ത പടം? സൈ ഫൈ പ്രൊജക്ടുമായി ജിതിന്‍ ലാല്‍, മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ നടന്‍ നായകന്‍?
Entertainment
എ.ആര്‍.എമ്മിന് മേലെ നില്‍ക്കുമോ അടുത്ത പടം? സൈ ഫൈ പ്രൊജക്ടുമായി ജിതിന്‍ ലാല്‍, മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ നടന്‍ നായകന്‍?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 7:48 pm

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു അജയന്റെ രണ്ടാം മോഷണം. ടൊവിനോ മൂന്ന് വേഷത്തിലെത്തിയ ചിത്രം താരത്തിന്റെ കരിയറിലെ 50ാമത് ചിത്രമായെത്തിയ എ.ആര്‍.എം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. മൂന്ന് കാലഘട്ടങ്ങളിലെ കഥ പറഞ്ഞ ചിത്രം ത്രീ.ഡി ഫോര്‍മാറ്റിലാണ് പ്രദര്‍ശനത്തിനെത്തിയത്.

നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്ന ജിതിന്‍ പുതുമുഖ സംവിധായകന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് എ.ആര്‍.എം ഒരുക്കിയത്. ഇപ്പോഴിതാ ജിതിന്‍ ലാലിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ജിതിന്‍ ലാല്‍ തന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍.എമ്മിനെക്കാള്‍ വലിയ ബജറ്റിലാകും ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ നായകനായി പൃഥ്വിരാജ് എത്തുമെന്നാണ് റൂമറുകള്‍. ഈ വര്‍ഷം പകുതിയോടെ ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്‌തേക്കുമെന്നും കേള്‍ക്കുന്നുണ്ട്.

നിലവില്‍ എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ ഒറീസയില്‍ അവസാനിച്ചിരുന്നു. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയുടെ ചിത്രീകരണവും ഇതിനോടൊപ്പം നടക്കുന്നുണ്ട്.

 Empuran controversy; Prithviraj shares Mohanlal's apology post

ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയും റിലീസിന് തയാറെടുക്കുന്നുണ്ട്. ജി.ആര്‍. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന പ്രൊജക്ടായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിനിടെ പൃഥ്വിരാജിന് പരിക്കേല്ക്കുകയും ആറ് മാസത്തോളം ഷൂട്ട് നിര്‍ത്തിവെക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

മികച്ച പ്രൊജക്ടുകളുടെ ഭാഗമാകുന്ന പൃഥ്വിയുടെ കരിയറിലെ മികച്ച ചിത്രമാകും ജിതിന്‍ ലാലിനൊപ്പമുള്ളതെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. നിലവിലെ തിരക്കുകള്‍ തീരുന്നതിനനുസിരച്ചാകും പൃഥ്വിരാജ്- ജിതിന്‍ ലാല്‍ പ്രൊജക്ട് പുരോഗമിക്കുക. എ.ആര്‍.എം പോലെ പാന്‍ ഇന്ത്യനായിട്ടാകും ഈ പ്രൊജക്ടും ഒരുങ്ങുക.

Content Highlight: Rumors that Prithviraj will join hands with Jithin Lal for a sci-fi project