മലയാളത്തിലെ താരപുത്രന്മാരില്‍ വളരെ ശ്രദ്ധയോടെ സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ സിനിമാജീവതത്തെക്കാള്‍ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുള്ളത്. സിനിമകൡാത്ത സമയത്ത് യാത്രകള്‍ ചെയ്യുന്ന പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
വര്‍ഷത്തില്‍ ഒരു സിനിമയെന്ന രീതിയില്‍ സിനിമാജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പ്രണവിന്റെ അടുത്ത ചിത്രം ഹൊറര്‍ ഡ്രാമയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഡയസ് ഈറേയാണ് പ്രണവിന്റെ അടുത്ത റിലീസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.
ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ഡയസ് ഈറേയുടെയും നിര്‍മാണം. 35 ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചിരുന്നു. മലബാര്‍ പശ്ചാത്തലമാക്കിയൊരുങ്ങുന്ന ഹൊറര്‍ ചിത്രമാണ് ഡയസ് ഈറേയെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാകും ഇതെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.
ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ ഫീല്‍ ഗുഡ് ചിത്രങ്ങള്‍ക്ക് ശേഷം ട്രാക്ക് മാറ്റുന്ന പ്രണവിനെയാണ് ഇനി മലയാളസിനിമ കാണാന്‍ പോകുന്നത്. വ്യത്യസ്ത ഴോണറുകളിലുള്ള ചിത്രങ്ങളാകും പ്രണവ് ഇനി തെരഞ്ഞെടുക്കുകയെന്നാണ് താരത്തിന്റെ ലൈനപ്പ് സൂചിപ്പിക്കുന്നത്. ഡയസ് ഈറേക്ക് ശേഷം പ്രണവ് നായകനാകുന്ന അടുത്ത ചിത്രത്തെക്കുറിച്ചുള്ള റൂമറുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
അഭിനവ് സുന്ദര്‍ നായകിനൊപ്പമാകും പ്രണവ് അടുത്തതായി കൈകോര്‍ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനീത് ശ്രീനിവാസന്റെ ശിഷ്യനായി സിനിമയിലേക്കെത്തിയ അഭിനവ് സുന്ദര്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റസ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ മികച്ച ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിപ്പിക്കാന്‍ അഭിനവിന് സാധിച്ചു.
നിലവില്‍ നസ്‌ലെന്‍ നായകനായെത്തുന്ന മോളിവുഡ് ടൈംസിന്റെ പണിപ്പുരയിലാണ് അഭിനവ് സുന്ദര്‍. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ഇതിന് ശേഷമാകും പ്രണവ് മോഹന്‍ലാലുമൊത്തുള്ള പ്രൊജക്ട് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Rumors that Pranav Mohanlal’s next project with Abhinav Sunder Nayak