സൂര്യയുടെ നായികയായി നസ്രിയ, പുറനാനൂറില്‍ മിസ്സായത് ഇത്തവണ ഒന്നിക്കുന്നു?
Indian Cinema
സൂര്യയുടെ നായികയായി നസ്രിയ, പുറനാനൂറില്‍ മിസ്സായത് ഇത്തവണ ഒന്നിക്കുന്നു?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th September 2025, 11:19 am

ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സില്‍ കഴിഞ്ഞ കുറച്ചുകാലമായി പിന്നില്‍ നില്‍ക്കുന്ന നടനാണ് സൂര്യ. ഒരുകാലത്ത് രജിനിക്ക് താഴെ നിന്നിരുന്ന സ്റ്റാര്‍ഡം പിന്നീട് താരത്തിന് കൈമോശം വരികയായിരുന്നു. തുടര്‍ച്ചയായി ചെയ്ത സിനിമകളൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തതായിരുന്നു സൂര്യക്ക് തിരിച്ചടിയായത്. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ കങ്കുവ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയമായി മാറി.

എന്നിരുന്നാലും മികച്ച ലൈനപ്പാണ് താരത്തിനുള്ളത്. കാര്‍ത്തിക് സുബ്ബരാജുമായി ഒന്നിച്ച റെട്രോ ശരാശരി അഭിപ്രായം സ്വന്തമാക്കിയെങ്കിലും സൂര്യയുടെ പ്രകടനത്തെ പലരും പ്രശംസിച്ചു. താരത്തിന്റെ അടുത്ത ചിത്രമായ കറുപ്പ് റിലീസിന് തയാറെടുക്കുകയാണ്. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

ആവേശം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ നായകനായെത്തുമെന്ന തരത്തില്‍ റൂമറുകള്‍ സജീവമാണ്. വെട്രിമാരനുമായി ഒന്നിക്കുന്ന വാടിവാസല്‍ വൈകുന്നതിനാല്‍ അതേ നിര്‍മാതാവുമായി സൂര്യ ഉടനടി ഒരു പ്രൊജക്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു മാധവനുമായി ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് വാടിവാസലിന്റെ നിര്‍മാതാക്കളായ വി. ക്രിയേഷന്‍സാണെന്നും കേള്‍ക്കുന്നു.

ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി നസ്രിയ വേഷമിടുന്നു എന്നാണ് അഭ്യൂഹങ്ങള്‍. ഇതുവരെ ഓണ്‍ സ്‌ക്രീനില്‍ ഒന്നിച്ചിട്ടില്ലാത്ത കോമ്പോ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുറനാനൂറ് എന്ന ചിത്രത്തില്‍ സൂര്യയും നസ്രിയയും ഒന്നിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ പ്രൊജക്ട് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

സൂര്യ 47 എന്നാണ് ജിത്തു മാധവനുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ താത്കാലിക ടൈറ്റില്‍. ജിത്തു മാധവന്റെ സ്ഥിരം ശൈലിയില്‍ പറയുന്ന കഥയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ലഭിച്ച് കേരളത്തിലെത്തുന്ന പൊലീസ് ഓഫീസര്‍ നേരിടുന്ന തലവേദനകളാണ് ചിത്രത്തിന്റെ കഥയെന്നാണ് ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍. സുഷിന്‍ ശ്യാമാകും ഈ ചിത്രത്തിന്റ സംഗീതം.

സൂര്യ 46ന്റെ ഷൂട്ട് പൂര്‍ത്തിയായതിന് ശേഷമാകും ജിത്തു മാധവനൊപ്പമുള്ള പ്രൊജക്ട് അനൗണ്‍സ് ചെയ്യുക. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. നിമിഷ് രവി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിതാര എന്റര്‍ടൈന്മന്റ്‌സാണ്. 2026 സമ്മര്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Rumors that Nazriya will play the lead role in Suriya 47 directed by Jithu Madhavan