ഒമ്പത് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മേജര്‍ രവിയും കൈകോര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന ഓപ്പറേഷന്‍ സിന്ദൂറിനെ ആസ്പദമാക്കിയാകും മേജര്‍ രവി പുതിയ ചിത്രം ഒരുക്കുകയെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യഘട്ട ചര്‍ച്ചകള്‍ ആരംഭിച്ചെന്നും അധികം വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിവരം.
ക്യാമറക്ക് പിന്നില്‍ ദേശീയ അവാര്‍ഡ് ജേതാക്കളാകും അണിനിരക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനിമലിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഹര്‍ഷവര്‍ധന്‍ രാമേശ്വറാകും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 24, പേട്ട, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തിരുനാവുക്കരസ് ഈ പ്രൊജക്ടിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്.
റെട്രോ, ബാബുബലി, തുപ്പാക്കി, ജവാന്‍ തുടങ്ങിയ സിനിമകളില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത കെച്ച കെംപക്‌ദേയെ ആക്ഷന്‍ കൊറിയോഗ്രാഫറായി പരിഗണിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ശക്തമായ ക്രൂവിനൊപ്പം മോഹന്‍ലാലും ചേരുമ്പോള്‍ പ്രതീക്ഷ ഉയരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
2017ല്‍ പുറത്തിറങ്ങിയ 1971 ബിയോണ്ട് ദി ബോര്‍ഡറിലാണ് മോഹന്‍ലാലും മേജര്‍ രവിയും അവസാനമായി ഒന്നിച്ചത്. വന്‍ ബജറ്റിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായില്ല. ഇരുവരും ഒന്നിച്ച അഞ്ച് സിനിമകളില്‍ രണ്ടെണ്ണം മാത്രമാണ് വിജയിച്ചത്. ബാക്കി മൂന്നും ശരാശരിയിലൊതുങ്ങുകയായിരുന്നു. ഈ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്നറിയാനാണ് സിനിമാലോകം കാത്തിരിക്കുന്നത്.
നിലവില്‍ മൂന്ന് സിനിമകളുടെ തിരക്കിലാണ് മോഹന്‍ലാല്‍. മേജര്‍ രവിയുമായുള്ള പ്രൊജക്ടിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനനുസരിച്ച് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുള്ളൂ. പ്രൊജക്ടിന് മോഹന്‍ലാല്‍ കൈകൊടുത്താല്‍ കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ഹൈപ്പ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യുടെ തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. തൊടുപുഴയിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. ദൃശ്യം 3ക്ക് ശേഷം മഹേഷ് നാരായണന്റെ പാട്രിയറ്റിന്റെ ബാക്കി പോര്‍ഷനുകളിലേക്ക് താരം കടക്കും. തുടര്‍ന്ന് വിസ്മയ മോഹന്‍ലാലിന്റെ ആദ്യ ചിത്രം തുടക്കത്തിലും മോഹന്‍ലാല്‍ ഭാഗമാകും. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ആക്ഷന്‍ ചിത്രത്തിനായി 20 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്കിയിരിക്കുന്നത്.