കാലത്തിനനുസരിച്ച് പ്രണയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നതില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനാണ് മണിരത്‌നം. മൗനരാഗം, അലൈപായുതേ, റോജ, ബോംബൈ, ഓ.കെ. കണ്മണി തുടങ്ങിയവ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ തഗ് ലൈഫിന് ശേഷം തന്റെ സ്‌ട്രോങ് ഏരിയയായ പ്രണയകഥയുമായി മണിരത്‌നം എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനാകും ചിത്രത്തിലെ നായകനെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതി ഫോളോ ചെയ്യുന്ന മണിരത്‌നം തഗ് ലൈഫിന് ശേഷം കുറച്ച് സമയമെടുത്താകും ഈ പ്രൊജക്ടിലേക്ക് കടക്കുകയെന്നും പറയപ്പെടുന്നു. തഗ് ലൈഫില്‍ സിലമ്പരസനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സൗത്ത് ഇന്ത്യയിലെ നിലവിലെ സെന്‍സേഷണായ രുക്മിണി വസന്താകും ചിത്രത്തില്‍ നായികയായി എത്തുക എന്നും റൂമറുകളുണ്ട്. സപ്ത സാഗരദാച്ചേ എലോ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടം നേടാന്‍ രുക്മിണിക്ക് സാധിച്ചു. നിലവില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മദിരാശിയില്‍ വര്‍ക്ക് ചെയ്യുകയാണ് രുക്മിണി വസന്ത്.
പല തരത്തിലുള്ള പ്രണയചിത്രങ്ങള്‍ ഒരുക്കിയ മണിരത്‌നം പുതിയ ചിത്രത്തില്‍ എന്ത് പുതുമയാണ് കൊണ്ടുവരുന്നത് അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. തഗ് ലൈഫിന്റെ റിലീസിന് ശേഷമാകും മണിരത്‌നത്തിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയെന്നാണ് പല സിനിമാപേജുകളും പറയുന്നത്.
നിലവില്‍ ദെസിങ്ക് പെരിയസാമി സംവിധാനം ചെയ്യുന്ന എസ്.ടി.ആര്‍. 48ന്റെ പണിപ്പുരയിലാണ് താരം. ഇരട്ടവേഷത്തിലാണ് സിലമ്പരസന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുമെന്ന് അറിയിച്ച ചിത്രം പിന്നീട് സിലമ്പരസന്‍ തന്നെ ഏറ്റെടുക്കുകയായിരുന്നു.
റിലീസിന് തയാറെടുക്കുന്ന തഗ് ലൈഫിലും ശക്തമായ വേഷമാണ് സിലമ്പരസന്‍ കൈകാര്യം ചെയ്യുന്നത്. കമല്‍ ഹാസനോളം പ്രാധാന്യമുള്ള അമരന്‍ എന്ന കഥാപാത്രത്തെയാണ് എസ്.ടി.ആര്‍ അവതരിപ്പിക്കുന്നത്. നേരത്തെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ദുല്‍ഖര്‍ സല്‍മാനെയായിരുന്നു. പിന്നീടാണ് സിലമ്പരസന്‍ ഈ പ്രൊജക്ടിലേക്കെത്തിയത്.
Content Highlight: Rumors that Maniratnam going to do a romantic film after Thug Life with Silambarasan and Rukmini Vasanth in lead