കൂലി എഫക്ട്? രജിനി- കമല്‍ ഹാസന്‍ ചിത്രത്തിന്റെ സംവിധാനം ലോകേഷ് അല്ലെന്ന് റിപ്പോര്‍ട്ടുകള്‍
Indian Cinema
കൂലി എഫക്ട്? രജിനി- കമല്‍ ഹാസന്‍ ചിത്രത്തിന്റെ സംവിധാനം ലോകേഷ് അല്ലെന്ന് റിപ്പോര്‍ട്ടുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th September 2025, 4:59 pm

സിനിമാപ്രേമികള്‍ക്ക് ഒരുപാട് സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അടുത്തിടെ വന്നത്. ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നന്‍ രജിനികാന്തും കമല്‍ ഹാസനും ഒന്നിച്ച് ഒരു സിനിമ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അടുത്തിടെ നടന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ കമല്‍ ഹാസന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

തമിഴില്‍ നിലവില്‍ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായ ലോകേഷ് കനകരാജ് ഈ പ്രൊജക്ട് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ലോകേഷിന് പകരം മറ്റൊരു സംവിധായകനാകും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന് റൂമറുകള്‍. ലോകേഷിന് പകരം കാര്‍ത്തിക് സുബ്ബരാജ്, മണിരത്‌നം എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

കഴിഞ്ഞദിവസം എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ രജിനികാന്തും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. താനും കമല്‍ ഹാസനും ഒന്നിക്കുന്ന സിനിമയെക്കുറിച്ച് രജിനി സംസാരിച്ചു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ലോകേഷ് ഈ പ്രൊജക്ട് സംവിധാനം ചെയ്‌തേക്കില്ലെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്.

ലോകേഷ് കനകരാജ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കൂലി പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. വന്‍ ഹൈപ്പിലെത്തിയ ചിത്രം പലര്‍ക്കും നിരാശ സമ്മാനിച്ചു. രജിനികാന്തിന് പുറെ നാഗാര്‍ജുന, ആമിര്‍ ഖാന്‍, ഉപേന്ദ്ര തുടങ്ങി വന്‍ താരനിര അണിനിരന്നിട്ടും കൂലി ശരാശരിയിലൊതുങ്ങി. ഇതോടെ പലരും ലോകേഷിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രജിനി- കമല്‍ ഹാസന്‍ ചിത്രത്തില്‍ നിന്ന് ലോകേഷിനെ മാറ്റിയത് ഈയൊരു കാരണം കൊണ്ടാകാമെന്നാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ദീപാവലി ദിനത്തില്‍ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്തുവിടുമെന്നാണ് കരുതുന്നത്. ഈ പ്രൊജക്ട് ഒരുക്കുന്നില്ലെങ്കില്‍ കൈതി 2വിന്റെ തിരക്കിലേക്ക് ലോകേഷ് കടക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ ഇന്‍ഡസ്ട്രി ഒന്നാകെ ആവേശത്തിലാണ്. ബോക്‌സ് ഓഫീസില്‍ ചിത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

Content Highlight: Rumors that Lokesh Kanagaraj replaced from Rajnikanth- Kamal Haasan movie