കൈതി 2 ചെയ്യാന്‍ താത്പര്യമില്ലേ? കൂലിക്ക് ശേഷം ലോകേഷ് തെലുങ്കിലേക്ക് പറക്കുന്നുവെന്ന് സൂചന
Indian Cinema
കൈതി 2 ചെയ്യാന്‍ താത്പര്യമില്ലേ? കൂലിക്ക് ശേഷം ലോകേഷ് തെലുങ്കിലേക്ക് പറക്കുന്നുവെന്ന് സൂചന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th November 2025, 6:12 pm

വന്‍ ഹൈപ്പിലെത്തി എല്ലാവരെയും ഒരുപോലെ നിരാശരാക്കിയ ചിത്രമായിരുന്നു കൂലി. രജിനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത ചിത്രം ശരാശരിയിലൊതുങ്ങുകയായിരുന്നു. കൂലിക്ക് ശേഷം ലോകേഷിന്റേതായ പറഞ്ഞുകേട്ട പല പ്രൊജക്ടുകളും ഒന്നിന് പിന്നാലെ ഒന്നായി മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിന്റെ വര്‍ക്കുകളിലേക്ക് ലോകേഷ് ഈ വര്‍ഷം അവസാനം കടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴിതാ ലോകേഷ് കൈതി 2വിന് മുമ്പ് മറ്റൊരു പ്രൊജക്ടിലേക്ക് കടക്കാന്‍ നില്ക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

തെലുങ്കില്‍ തന്റെ അരങ്ങേറ്റത്തിന് ലോകേഷ് തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ മുന്‍നിര താരങ്ങളായ പവന്‍ കല്യാണ്‍, അല്ലു അര്‍ജുന്‍ എന്നിവരില്‍ ഒരാളാകും ചിത്രത്തിലെ നായകനെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞദിവസം ലോകേഷിന്റെ അസിസ്റ്റന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

ലോകേഷ് തന്റെ ഡയറക്ഷന്‍ ടീമിനൊപ്പം ലോക്കേഷന്‍ നോക്കുന്ന ചിത്രമാണ് വൈറലായത്. LK7 എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പങ്കുവെച്ചത്. ലോകേഷിന്റെ അടുത്ത സംവിധാനസംരംഭത്തെക്കുറിച്ചുള്ള സൂചനയായി ഈ ഫോട്ടോയെ പലരും വ്യാഖ്യാനിച്ചു. കൂലിക്ക് ശേഷം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കായിരുന്നു ലോകേഷിന് നേരെ വന്നത്.

Lokesh/ IMDB

രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഈ പ്രൊജക്ടില്‍ നിന്ന് മാറ്റുകയായിരുന്നു. ആമിര്‍ ഖാനെ നായകനാക്കിക്കൊണ്ടുള്ള ബോളിവുഡ് പ്രൊജക്ടും ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒടുവില്‍ ആരംഭിക്കുമെന്ന് അറിയിച്ച കൈതി 2വിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്.

നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ലോകേഷ് പ്രതിഫലത്തിന്റെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. 75 കോടിലോകേഷ് ആവശ്യപ്പെട്ടതിനാലാണ് കൈതി 2 അനിശ്ചിതത്വത്തിലായതെന്നാണ് റൂമറുകള്‍. എന്നാല്‍ ഇക്കാര്യത്തിലൊന്നും ലോകേഷിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ലെന്നും ശ്രദ്ധേയമാണ്.

Lokesh/ Screen grab/ Hollywood Reporter India

ആരുടെയും അസിസ്റ്റന്റായി നില്ക്കാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് തമിഴ് സിനിമ പോലെ വലിയൊരു ഇന്‍ഡസ്ട്രിയില്‍ വെറും അഞ്ച് സിനിമകള്‍ കൊണ്ടാണ് ലോകേഷ് ബ്രാന്‍ഡായി മാറിയത്. വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ ലോകേഷ് കൈയടിപ്പിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Rumors that Lokesh going to do a Telugu project before Kaithi 2