കരിയറിന്റെ പുതിയ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്ന സിനിമകള്‍ കൊണ്ട് അമ്പരപ്പിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. കൊവിഡിന് ശേഷം മമ്മൂട്ടി തെരഞ്ഞെടുക്കുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. മറ്റ് സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിക്കുന്ന മമ്മൂട്ടിയെയാണ് കാണാന്‍ സാധിക്കുന്നത്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കളങ്കാവലിന്റെ കഥാപശ്ചാത്തലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്‍ എന്ന സൈക്കോ കില്ലറുടെ കഥയെ ആസ്പദമാക്കിയാണ് കളങ്കാവല്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കഥയെ ആസ്പദമാക്കി ദഹാഡ് എന്ന പേരില്‍ ഹിന്ദിയില്‍ അടുത്തിടെ ഒരു വെബ് സീരീസ് പുറത്തിറങ്ങിയിരുന്നു. സൊനാക്ഷി സിന്‍ഹ, വിജയ് വര്‍മ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സീരീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇതേ കഥയെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുമ്പോള്‍ മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ സാധിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. 21ലധികം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് അവരെ സയനൈഡ് കൊടുത്ത് കൊന്നയാളാണ് കര്‍ണാടക സ്വദേശിയായ മോഹന്‍ കുമാര്‍.
ഇത്തരത്തില്‍ സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നുന്ന തരത്തിലുള്ള കഥാപാത്രത്തെ മമ്മൂട്ടി ഏത് രീതിയിലാണ് അവതരിപ്പിക്കുകയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. വിനായകനാണ് ചിത്രത്തിലെ നായകനായെത്തുന്നത്. സിഗരറ്റ് കടിച്ചുപിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രം കാണിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
പുഴുവിലെ കുട്ടന്‍, റൊഷാക്കിലെ ലൂക്ക് ആന്റണി, ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി/ ചാത്തന്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ചെയ്യുന്ന നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് കളങ്കാവലിലേത്. നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്കമ്പനിയുടെ ഏഴാമത്തെ നിര്‍മാണ സംരംഭമാണ് കളങ്കാവല്‍.
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി എന്റര്‍ടൈനര്‍ ചിത്രം, ആട്ടത്തിന് ശേഷം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്.
Mammootty will be seen along with 21 female actresses including Rajisha Vijayan and Gayathri Arun in the upcoming KALAMKAVAL, with certain actresses having sexual abuse scenes with the actor.