റാപ്പര്‍മാരുടെ ഇടയിലെ നവതരംഗമായി മാറിയ ഗായകനാണ് ഹനുമാന്‍കൈന്‍ഡ്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും തന്റെ സംഗീതം കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാന്‍ ചെറിയ സമയം കൊണ്ട് ഹനുമാന്‍കൈന്‍ഡിന് സാധിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രണ്ട് ആല്‍ബങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബ്ബിലൂടെ അഭിനയത്തിലും ഹനുമാന്‍കൈന്‍ഡ് തന്റെ സാന്നിധ്യമറിയിച്ചു.
ഇപ്പോഴിതാ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധിനൊപ്പം ഹനുമാന്‍കൈന്‍ഡ് കൈകോര്‍ക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന വിജയ് ചിത്രമായ ജന നായകനിലാണ് ഇരുവരും ഒന്നിക്കുക എന്നാണ് റൂമറുകള്‍. ചാര്‍ട്ട്ബസ്റ്ററാക്കാന്‍ കെല്പുള്ള അനിരുദ്ധിന്റെ സംഗീതത്തോടൊപ്പം ഹനുമാന്‍ കൈന്‍ഡിന്റെ റാപ്പും കൂടി ചേരുമ്പോള്‍ സോഷ്യല്‍ മീഡിയയിലെ സകല റെക്കോഡും തകരുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
തമിഴ് സംഗീതത്തിലേക്കുള്ള ഹനുമാന്‍കൈന്‍ഡിന്റെ അരങ്ങേറ്റം കൂടിയാകും ജന നായകന്‍. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ജന നായകനില്‍ വിജയ്‌യുടെ സ്‌ക്രീന്‍ പ്രസന്‍സിന് ഇരട്ടി ഇംപാക്ട് നല്‍കാന്‍ അനിരുദ്ധ്- ഹനുമാന്‍ കൈന്‍ഡ് കോമ്പോക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ദളപതിയുടെ ഫെയര്‍വെല്‍ സിനിമയില്‍ ഇനിയും ഒരുപാട് സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
എച്ച്. വിനോദാണ് ജന നായകന്‍ അണിയിച്ചൊരുക്കുന്നത്. തീരന്‍ അധികാരം ഒന്‍ട്രിന് ശേഷം വിജയ്‌യോട് പറഞ്ഞ കഥയായിരുന്നു ജന നായകന്‍. എന്നാല്‍ അന്ന് പൊളിറ്റിക്കല്‍ സിനിമകളോട് താത്പര്യമില്ലാത്ത വിജയ് സ്‌ക്രിപ്റ്റ് ഒഴിവാക്കുകയായിരുന്നു. ഇതേ സ്‌ക്രിപ്റ്റ് പിന്നീട് കമല്‍ ഹാസനോട് പറയുകയും അദ്ദേഹം ഓക്കെയാവുകയും ചെയ്തു. എന്നാല്‍ കമല്‍ ഹാസനും ഈ പ്രൊജക്ടില്‍ നിന്ന് പിന്നീട് പിന്‍വാങ്ങി.
ഏഴ് വര്‍ഷത്തിന് ശേഷം ഇതേ കഥ വീണ്ടും വിജയ്‌യുടെ പക്കല്‍ എത്തുകയും അത് അദ്ദേഹത്തിന്റെ ഫെയര്‍വെല്‍ സിനിമയാവുകയും ചെയ്തു. തമിഴിലെ സകല കളക്ഷന്‍ റെക്കോഡും ജന നായകന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഏറ്റവുമൊടുവില്‍ വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടിലെ സകല തിയേറ്ററുകളിലും റിലീസ് ചെയ്തിരുന്നു. ജന നായകന്‍ ഇന്‍ഡസ്ട്രി ഹിറ്റാക്കാനാണ് ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്.
ബോളിവുഡ് താരം ബോബി ഡിയോളാണ് ജന നായകനിലെ വില്ലനായി വേഷമിടുന്നത്. പൂജ ഹെഗ്‌ഡേ നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മമിത ബൈജുവും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പുറമെ പ്രകാശ് രാജ്, നരേന്‍, പ്രിയാമണി, ഗൗതം വാസുദേവ് മേനോന്‍, വരലക്ഷ്മി ശരത് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. 2026 പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.