സംഗതി സത്യമാണെങ്കില്‍ കിടുക്കും, ഹൃദയപൂര്‍വത്തില്‍ അതിഥിവേഷം ചെയ്യാന്‍ ഫഹദും?
Malayalam Cinema
സംഗതി സത്യമാണെങ്കില്‍ കിടുക്കും, ഹൃദയപൂര്‍വത്തില്‍ അതിഥിവേഷം ചെയ്യാന്‍ ഫഹദും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th July 2025, 5:45 pm

മലയാളികളുടെ ഇഷ്ടനടന്മാരാണ് മോഹന്‍ലാലും ഫഹദ് ഫാസിലും. ഇരുവരെയും മലയാളികള്‍ക്ക് സമ്മാനിച്ചത് സംവിധായകന്‍ ഫാസിലാണ്. സ്വാഭാവികമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കൊണ്ട് രണ്ടുപേരും പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. രണ്ടുപേരെയും ഒരു ഫ്രെയിമില്‍ കാണാന്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് സാധിച്ചിട്ടില്ല. റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഇരുവരുമുണ്ടെങ്കിലും കോമ്പിനേഷന്‍ സീനുകളൊന്നും ഇല്ലായിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഫഹദും ഭാഗമാകുന്നുണ്ടെങ്കിലും മോഹന്‍ലാല്‍- ഫഹദ് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇപ്പോഴിതാ മഹേഷ് നാരായണന്‍ ചിത്രത്തിന് മുമ്പ് ഇരുവരും ഒരു ഫ്രെയിമില്‍ പ്രത്യക്ഷപ്പെടുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡയയിലെ ചര്‍ച്ച.

മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ഹൃദയപൂര്‍വത്തില്‍ ഫഹദ് അതിഥിവേഷം ചെയ്യുന്നുവെന്ന തരത്തിലുള്ള റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഫീല്‍ ഗുഡ് ഴോണറിലൊരുങ്ങുന്ന ചിത്രത്തില്‍ വളരെ സ്‌പെഷ്യലായിട്ടുള്ള വേഷത്തിലാകും ഫഹദ് പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

സത്യന്‍ അന്തിക്കാടിനൊപ്പവും അഖില്‍ സത്യനൊപ്പവും പ്രവര്‍ത്തിച്ച ഫഹദ് ഹൃദയപൂര്‍വത്തിലും ഭാഗമാകാന്‍ സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. താന്‍ ഏറ്റവും എന്‍ജോയ് ചെയ്തിട്ടുള്ളത് സത്യന്‍ അന്തിക്കാടിന്റെ സെറ്റിലാണെന്ന് ഫഹദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 11 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുമ്പോള്‍ അതില്‍ ഫഹദിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മികച്ച സിനിമാനുഭവമാകുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കൊച്ചി, മുംബൈ, പൂനെ എന്നിവിടങ്ങളിലായാണ് ഹൃദയപൂര്‍വത്തിന്റെ ഷൂട്ട് നടന്നത്.  അടുത്തിടെ ഷൂട്ട് അവസാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രമാകും ഹൃദയപൂര്‍വമെന്നാണ് അറിയാന്‍ സാധിക്കുന്നത്. മാളവിക മോഹനന്‍, സംഗീത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

സംഗീത് പ്രതാപ്, സിദ്ദിഖ്, ബാബുരാജ്, ലാലു അലക്‌സ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ്. ഓണം റിലീസായ പ്ലാന്‍ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

Content Highlight: Rumors that Fahadh Faasil going to do cameo in Hridayapoorvam movie