മലയാളസിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമാണ് ദൃശ്യം. സാധാരണ ഫാമിലി ചിത്രമെന്ന നിലയില്‍ തിയേറ്ററുകളിലെത്തി ചരിത്രവിജയം സ്വന്തമാക്കിയ ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി കളക്ഷന്‍ സ്വന്തമാക്കിയ സിനിമയായി മാറി. ആറിലധികം ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് പുറത്തിറങ്ങിയ രണ്ടാം ഭാഗം ഇന്ത്യയൊട്ടുക്ക് സംസാരവിഷയമായി മാറി.
ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞവര്‍ഷം അറിയിച്ചിരുന്നു. ഇപ്പോഴിതാ മലയാളം വേര്‍ഷന് മുന്നേ ഹിന്ദി പതിപ്പ് തിയേറ്ററിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയ പനോരമ സ്റ്റുഡിയോസ് പങ്കുവെച്ച കുറിപ്പിന് പിന്നാലെയാണ് ദൃശ്യം 3 സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നത്.
ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വര്‍ഷം ചിത്രം തിയേറ്ററിലെത്തിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യം 2വിന്റെ ഹിന്ദി പതിപ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ബോളിവുഡ് സിനിമ ബോക്‌സ് ഓഫീസില്‍ കിതച്ച സമയത്തായിരുന്നു ദൃശ്യം 2വിന്റെ കുതിപ്പ്.
എന്നാല്‍ ജീത്തു ജോസഫിന്റെ സ്‌ക്രിപ്റ്റിലാകില്ല ഹിന്ദി പതിപ്പ് ഒരുങ്ങുകയെന്നാണ് റൂമറുകള്‍. ആദ്യ രണ്ട് ഭാഗങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായപ്പോഴും റീമേക്കെന്ന പേര് കേട്ടിരുന്നു. അതിനാല്‍ ഇത്തവണ ഒറിജിനല്‍ സ്‌ക്രിപ്റ്റിലാണ് ചിത്രം ഒരുങ്ങുകയെന്നാണ് അറിയാന്‍ സാധിക്കുന്നത്. ബോളിവുഡ് സിനിമാപേജുകള്‍ ഇതിനോടകം ദൃശ്യം 3യെ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം തന്റെ പുതിയ ചിത്രമായ വലതുവശത്തെ കള്ളന്റെ തിരക്കിലാണ് ജീത്തു ജോസഫ്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ആസിഫ് അലി നായകനായ മിറാഷ് പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ഈ രണ്ട് സിനിമകള്‍ക്കും ശേഷമാകും ജീത്തു ദൃശ്യം 3യിലേക്ക് കടക്കുക.
അജയ് ദേവ്ഗണ്ണാകട്ടെ ബോക്‌സ് ഓഫീസില്‍ അത്ര നല്ല നിലയിലല്ല തുടരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിങ്കം എഗൈന്‍, ഓറോന്‍ മേം കഹാന്‍ ഥാ എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ റെയ്ഡ് 2 മികച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല.
Content Highlight: Rumors that Drishyam 3 Hindi version will release before Malayalam version