തന്റെ സ്റ്റാര്‍ഡത്തെയും ബോക്‌സ് ഓഫീസ് പവറിനെയും സംശയത്തോടെ കണ്ടവര്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കിയ വര്‍ഷമായിരുന്നു ഇത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ ബോക്‌സ് ഓഫീസിനെ അടിച്ച് തൂഫാനാക്കി. ഫസ്റ്റ് ഡേ കളക്ഷന്‍ മുതല്‍ ഫൈനല്‍ കളക്ഷന്‍ വരെ എല്ലാം എമ്പുരാന്‍ സ്വന്തമാക്കി.
പിന്നാലെയെത്തിയ തുടരും ബോക്‌സ് ഓഫീസിനെ തന്റേതായ രീതിയില്‍ പഞ്ഞിക്കിട്ടു. നടനായും താരമായും മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷനായിരുന്നു സ്വന്തമാക്കിയത്. ഇതോടെ മോളിവുഡ് വീണ്ടും മോഹന്‍ലാല്‍ വുഡായി അറിയപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഈ വര്‍ഷത്തെ മൂന്നാമത്തെ 200 കോടി ചിത്രത്തിനായി മോഹന്‍ലാല്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസിനുള്ള ഡേറ്റുകള്‍ ആശീര്‍വാദ് സിനിമാസ് ലോക്ക് ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ആശീര്‍വാദിന്റെ കരിയറിലെ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടായ ദൃശ്യം 3 ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്താനുള്ള സാധ്യതയാണ് ഇതോടെ ഉയരുന്നത്. സെപ്റ്റംബര്‍ 22നാണ് ദൃശ്യം 3യുടെ ഷൂട്ട് ആരംഭിക്കുക.
45 ദിവസത്തെ ഷൂട്ടാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിട്ടുള്ളത്. റാം ഒഴികെ തന്റെ ഒരു സിനിമക്കും മൂന്ന് മാസത്തിലധികം സമയം മാറ്റിവെക്കാത്ത ജീത്തു ജോസഫ് ദൃശ്യം 3യിലും അത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. എല്ലാം ഒത്തു വരികയാണെങ്കില്‍ ദൃശ്യത്തിന്റെ ആദ്യഭാഗം റിലീസായ ഡിസംബര്‍ 19ന് ദൃശ്യം 3യും റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
മലയാളസിനിമയുടെ സകല പൊട്ടന്‍ഷ്യലും വെളിപ്പെടുത്തുന്ന ചിത്രമാകും ദൃശ്യം 3. പാന്‍ ഇന്ത്യന്‍ തലത്തില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇന്‍ഡസ്ട്രിയുടെ അഭിമാന പ്രൊജക്ടായാണ് ആരാധകര്‍ കണക്കാക്കുന്നത്. മലയാളം വേര്‍ഷന് മുമ്പ് ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും ജീത്തു ജോസഫ് അത് നിഷേധിക്കുകയായിരുന്നു.
നിലവില്‍ രണ്ട് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷനിലാണ് ജീത്തു ജോസഫ്. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന മിറാഷ് റിലീസിന് തയാറെടുക്കുകയാണ്. ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന വലതുവശത്തെ കള്ളന്‍ ഷൂട്ട് അവസാനിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു. നാലാം ക്ലാസുകാരനായ ക്ലാസിക് ക്രിമിനലിന്റെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Rumors that Drishyam 3 going to release in December 19 the date that first part released