ഈ വര്‍ഷം മറ്റാര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ വിജയം സ്വന്തമാക്കി മലയാളത്തില്‍ തന്റെ താരസിംഹാസനം സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ പേരില്‍ തന്നെ സംശയത്തോടെ കണ്ടവര്‍ക്കുള്ള മറുപടിയാണ് വെറും രണ്ട് സിനിമകളിലൂടെ താരം നല്‍കിയത്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 200 കോടി ക്ലബ്ബില്‍ കയറ്റിയ ആദ്യ മലയാളനടനായി മോഹന്‍ലാല്‍ മാറി.
ഈ രണ്ട് വിജയത്തിന് പിന്നാലെ തമിഴിലെ പല പ്രൊജക്ടുകളിലേക്കും മോഹന്‍ലാലിന് ക്ഷണം വന്നിട്ടുണ്ടെന്നുള്ള റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി വിനായക് ചന്ദ്രശേഖര്‍ ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നു എന്ന റൂമറുകള്‍ അടുത്തിടെ ചര്‍ച്ചയായിരുന്നു. ശിവകാര്‍ത്തികേയന്റെ അച്ഛനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇപ്പോഴിതാ തമിഴിലെ മികച്ച സംവിധായകരിലൊരാളായ ത്യാഗരാജന്‍ കുമാരരാജ തന്റെ അടുത്ത സിനിമയിലേക്ക് മോഹന്‍ലാലിനെ സമീപിച്ചെന്നുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവം. വെറും രണ്ട് സിനിമകള്‍ കൊണ്ട് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ത്യാഗരാജന്‍ കുമാരരാജ.
ആരണ്യ കാണ്ഡം, സൂപ്പര്‍ ഡീലക്‌സ് എന്നീ രണ്ട് സിനിമകള്‍ ഇന്നും പല സിനിമാപ്രേമികളുടെയും ഫേവറെറ്റാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും പുതിയ പരീക്ഷണങ്ങളായിരുന്നു ഈ രണ്ട് ചിത്രങ്ങളും. സൂപ്പര്‍ ഡീലക്‌സിന് ശേഷം അഞ്ച് വര്‍ഷത്തോളമായി ത്യാഗരാജന്‍ മറ്റ് പ്രൊജക്ടുകളൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല.
ആദ്യചിത്രമായ ആരണ്യ കാണ്ഡത്തിലേക്ക് മോഹന്‍ലാലിനെ ത്യാഗരാജന്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആ വേഷം ഒഴിവാക്കി. ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് പിന്നീട് സിംഗപ്പെരുമാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും അത് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റായി മാറുകയും ചെയ്തു. ഇത്തവണ വന്ന അവസരം നഷ്ടപ്പെടുത്തരുതെന്നാണ് ആരാധകര്‍ മോഹന്‍ലാലിനോട് ആവശ്യപ്പെടുന്നത്.
#CL_Exclusive : #Mohanlal was recently approached for playing a strong character role (Not cameo) in the upcoming Thiyaragarajan Kumararaja – Manikandan K project which is written by both Kumararaja & Mani✌🔥 pic.twitter.com/s1mm3KlAxa
ഈ പ്രൊജക്ടുകള്‍ മാത്രമല്ല, സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. മോഹന്‍ലാലിനൊപ്പം ആസിഫ് അലിയുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം ആദിക് രവിചന്ദ്രന്‍ അജിത്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Rumors that Director Thyagarajan Kumararaja approached Mohanlal for a movie