എട്ട് മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂ, തെലുങ്ക് സംസാരിക്കില്ല, പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ദീപികയെ മാറ്റി അണിയറപ്രവര്‍ത്തകര്‍?
ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അനിമല്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. പൊലീസ് ഓഫീസറായാണ് പ്രഭാസ് സ്പിരിറ്റില്‍ വേഷമിടുന്നത്.
ചിത്രത്തില്‍ നായികയായെത്തുന്നത് ദീപിക പദുകോണാണ് എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ദീപിക പിന്മാറുന്നുവെന്നാണ് റൂമറുകള്‍. അണിയറപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതിന് പിന്നാലെയാണ് ദീപിക സ്പിരിറ്റില്‍ നിന്ന് പിന്മാറിയെന്നാണ് പറയപ്പെടുന്നത്.
ചിത്രത്തിനായി ദിവസവും എട്ട് മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യാന്‍ പറ്റുള്ളൂവെന്നും തെലുങ്കിലെ ഡയലോഗുകള്‍ സംസാരിക്കില്ലെന്നുമായിരുന്നു ദീപികയുടെ ഡിമാന്‍ഡുകള്‍. അണിയറപ്രവര്‍ത്തകര്‍ ഈ രണ്ട് ഡിമാന്‍ഡുകള്‍ അംഗീകരിക്കാതെ വന്നതോടെ ദീപിക സ്പിരിറ്റില്‍ നിന്ന് പിന്മാറിയെന്നാണ് തെലുഗു ചിത്രലു എന്ന എക്‌സ് പേജ് റിപ്പോര്‍ട്ട് ചെയ്തത്.
ദീപിക പിന്മാറിയതോടെ നായികയായി പലരുടെയും പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കന്നഡ താരം രുക്മിണി വസന്തിനാണ് ഏറ്റവുമധികം സാധ്യത കല്പിക്കുന്നത്. സപ്ത സാഗരദാച്ചേ എലോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി വസന്ത്. മദിരാശി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ രുക്മിണി സൗത്ത് ഇന്ത്യയില്‍ നിലവില്‍ ശ്രദ്ധേയയായ താരമാണ്. മൃണാള്‍ താക്കൂറിന്റെ പേരും നായികയായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
ചിത്രത്തില്‍ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുമെന്ന് റൂമറുകളുണ്ട്. പ്രഭാസിന്റെ അച്ഛനായാണ് മമ്മൂട്ടി വേഷമിടുന്നതെന്ന് പറയപ്പെടുന്നതെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ചിത്രത്തിന്റെ ഷൂട്ട് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. 600 കോടി ബജറ്റിലാകും ചിത്രം ഒരുങ്ങുക. നിലവില്‍ മാരുതി സംവിധാനം ചെയ്യുന്ന രാജാസാബിന്റെ തിരക്കിലാണ് പ്രഭാസ്.
ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. കരിയറില്‍ ആദ്യമായി പ്രഭാസ് ഹൊറര്‍ കോമഡി ഴോണര്‍ ട്രൈ ചെയ്യുന്ന ചിത്രമാണ് രാജാസാബ്. ഈ വര്‍ഷം ഡിസംബര്‍ റിലീസായി ചിത്രം തിയേറ്ററിലെത്തുമെന്നാണ് കരുതപ്പെടുന്നത്. സീതാ രാമത്തിന് ശേഷം ഹനു രാഘവപ്പുടി സംവിധാനം ചെയ്യുന്ന ഫൗജിയുടെ ചിത്രീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളുടെയും ഷൂട്ട് പൂര്‍ത്തിയായതിന് ശേഷമാകും പ്രഭാസ് സ്പിരിറ്റില്‍ ജോയിന്‍ ചെയ്യുക
Content Highlight: Rumors that Deppika Padukone out from Spirit movie starring Prabhas